കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം നടത്തിയ കാലം മുതൽ വളരെ അടുപ്പമുള്ള രാഷ്ട്രീയ പ്രവർത്തകനായിരുന്നു സി.എഫ്. തോമസെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു.
ലാളിത്യവും സത്യസന്ധതയും ഉറച്ച നിലപാടുകളും സവിശേഷതകളായിരുന്നു. തന്റെ മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ സി.എഫ്. അട്ടപ്പാടിയിൽ വനം വച്ചുപിടിപ്പിച്ച് ആദിവാസികൾക്ക് വീടുകൾ വച്ചുകൊടുത്തു. കേരളത്തിൽ ഗ്രാമീണ മേഖലകളിൽ ഏറ്റവും കൂടുതൽ റോഡുകൾ നിർമ്മിച്ച മന്ത്രിമാരിൽ പ്രമുഖനായിരുന്നു സി.എഫ്. തോമസെന്നും ആന്റണി അനുസ്മരിച്ചു.
ജി. സുകുമാരൻ
നായർ
ശാന്തനും സൗമ്യനും സമാധാനപ്രിയനും സത്യസന്ധനുമായിരുന്നു സി.എഫ്.തോമസ് എം.എൽ.എയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രമേശ് ചെന്നിത്തല
സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു അന്തരിച്ച സി.എഫ്. തോമസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. സി.എഫ്. തോമസിന്റെ നിര്യാണത്തോടെ അതുല്യനായ ജനനേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോടിയേരി
ബാലകൃഷ്ണൻ
സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവരുടെയും മനസ്സിൽ ഇടം നേടിയ പാർലമെന്റേറിയനായിരുന്നു അന്തരിച്ച സി. എഫ്. തോമസ് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചിച്ചു. രാഷ്ട്രീയ നിലപാടുകളിൽ വ്യത്യസ്ത പുലർത്തുമ്പോഴും വ്യക്തി ബന്ധം എന്നും അദ്ദേഹം കാത്തു സൂക്ഷിച്ചുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മന്ത്രി കടകംപള്ളി
സുരേന്ദ്രൻ
അദ്ധ്യാപന രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ സി.എഫ് തോമസുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 1980 മുതൽ ദീർഘകാലം നിയമസഭാ സാമാജികനായിരുന്ന അദ്ദേഹം രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായി സൗഹൃദം പങ്ക് വച്ച വ്യക്തിയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ. ബാലൻ
സങ്കുചിതമായ താത്പര്യങ്ങൾക്ക് ഉപരിയായി രാഷ്ട്രീയത്തെ നാടിന്റെ നന്മയ്ക്കായി ഉപയോഗിച്ച ജനപ്രതിനിധിയായിരുന്നു സി.എഫ്. തോമസെന്ന് മന്ത്രി എ.കെ. ബാലൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.
മന്ത്രി രവീന്ദ്രനാഥ്
സി.എഫ്.തോമസിന്റെ നിര്യാണത്തിൽ മന്ത്രി സി.രവീന്ദ്രനാഥ് അനുശോചിച്ചു. പൊതുപ്രവർത്തകനെന്ന നിലയിൽ സുതാര്യവും മാന്യവുമായ നിലപാടുകൾ സ്വീകരിച്ചിരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കെ.സുരേന്ദ്രൻ
പൊതുപ്രവർത്തനത്തിലെ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു തോമസെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
കാനം രാജേന്ദ്രൻ
സി.എഫിന്റെ വേർപാട് കേരള കോൺഗ്രസിന് മാത്രമല്ല കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കാകെ നഷ്ടമാണെന്ന് കാനം രാജേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പി.ജെ. ജോസഫ്
സി.എഫിന്റെ വിയോഗം പൊതു ജീവിതത്തിനു തീരാനഷ്ടമാണ്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. സൗമ്യമായ പെരുമാറ്റവും വിവാദങ്ങൾക്കിട നൽകാതെയുള്ള പ്രവർത്തനവും അദ്ദേഹത്തെ ഏവർക്കും സ്വീകാര്യനാക്കി. ലളിത ജീവിതത്തിനുടമയായ സി.എഫ് വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുകയും ശരിയുടെ ഭാഗത്ത് നിലകൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നുവെന്നും പി.ജെ. ജോസഫ് അനുസ്മരിച്ചു.
ബെന്നി ബെഹനാൻ
പക്വമതിയായ മാതൃകാനേതാവായിരുന്നു സി.എഫ.് തോമസ് എം.എൽ.എയെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ അനുസ്മരിച്ചു. അഴിമതിയുടെയോ ആരോപണങ്ങളുടെയോ കറപുരളാത്ത രാഷ്ട്രീയക്കാരനാണ് അദ്ദേഹം. മന്ത്രി, കേരള കോൺഗ്രസ് നേതാവ് എന്നീ നിലകളിലും മാതൃകാ പ്രവർത്തനമാണ് നടത്തിയത്.