കൊച്ചി: പാലാരിവട്ടം പാലം പൊളിക്കൽ നടപടികൾ തുടങ്ങി. ആദ്യ ദിവസങ്ങളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളൊന്നുമുണ്ടാകില്ല. പാലം പൊളിക്കുന്നതിന് മുന്നോടിയായി രാവിലെ എട്ടരയോടെ പൂജാ കർമ്മങ്ങൾ നടന്നു. ഡി.എം.ആർ.സി, പൊലീസ്, ദേശീയപാതാ അതോറിട്ടി എന്നിവർ ഇന്ന് രാവിലെ നടത്തിയ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് ഗതാഗത നിയന്ത്രണങ്ങളിൽ ഉൾപ്പടെ തീരുമാനമെടുക്കുകയും പാലം പൊളിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്‌തത്.
ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റ് സൊസൈറ്റിയാണ് പുതിയ പാലം പണിയുന്നത്. 661 മീറ്റർ ദൂരം വരുന്ന പാലത്തിന്റെ ടാർ ഇളക്കിമാറ്റുന്നതാണ് ആദ്യ ഘട്ടത്തിൽ ചെയ്യുക. നാല് ദിവസം കൊണ്ട് ഈ ജോലി തീരും. ഈ സമയം പാലത്തിന്റെ രണ്ട് വശങ്ങളിലൂടെയും വാഹനം കടത്തിവിടും.
കൊച്ചി ഡി.സി.പി ജി.പൂങ്കുഴലിയും ഡി.എം.ആർ.സി ചീഫ് എൻജിനീയർ കേശവ് ചന്ദ്രനും ദേശീയ പാതാ അതോറിട്ടി, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരും പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്ന് പത്ത് മണിയോടെ സംയുക്ത പരിശോധന നടത്തി. വരുംദിവസങ്ങളിലെ വാഹന നിയന്ത്രണം എങ്ങനെ വേണമെന്നതടക്കമുളള കാര്യങ്ങളാണ് പരിശോധിച്ചത്.
യാത്രക്കാരെ വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങൾ ഉണ്ടാവില്ല. രാത്രിയും പകലും പാലം നിർമ്മാണ ജോലികൾ നടക്കും. പ്രധാന ജോലികൾ രാത്രിയിൽ നടത്താനാണ് ആലോചന. അടുത്തയാഴ്ച തന്നെ ഗർഡറുകൾ നീക്കുന്ന ജോലിയും തുടങ്ങും. എട്ട് മാസത്തിനുളളിൽ പാലം പണി പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം.
പാലാരിവട്ടം പാലം പൊളിക്കുന്ന പ്രവർത്തികൾ ആരംഭിക്കുന്നു..
Posted by G Sudhakaran on Sunday, September 27, 2020