വാഷിംഗ്ടൺ: ടിക്ക് ടോക്ക് നിരോധിച്ചു കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്റ്റേ. വാഷിംഗ്ടണിലെ യു. എസ് ജില്ലാ കോടതി ജഡ്ജി കാൾ നിക്കോൾസാണ് ട്രംപിന്റെ ഉത്തരവിന് താത്കാലിക സ്റ്റേ പുറപ്പെടുവിച്ചത്.ടിക്ക് ടോക്കിന്റെ ഹർജിയിലാണ് കോടതിയുടെ നടപടി. ടിക്ക് ടോക്ക് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് യു.എസിൽ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് സ്റ്റേ. അടുത്തമാസം 12 വരെ ടിക്ക് ടോക്ക് ഉപയേഗിക്കാനുള്ള അനുമതി ട്രംപ് ഭരണകൂടം നൽകിയിരുന്നു. ഇന്ന് അർദ്ധരാത്രി മുതലാണ് ടിക്ക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ടിക്ക് ടോക്ക് രാജ്യ സുരക്ഷയ്ക്ക് ഭിഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നടപടി. അമേരിക്കൻ പൗരന്മാരുടെ വിവരങ്ങൾ ടിക്ക് ടോക്ക് ചോർത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.