ലക്നൗ: യു പിയിൽ കൊടുംക്രിമിനൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയത് പ്ളക്കാർഡും കഴുത്തിൽ തൂക്കി. അതിൽ എഴുതിയിരുന്നത് എന്നെ വെടിവയ്ക്കരുത്, ഞാൻ കീഴടങ്ങാൻ എത്തിയാണ് എന്നും. ഉത്തർപ്രദേശിൽ സാംബാലിലെ പൊലീസ് സ്റ്റേഷനാണ് അപൂർവ സംഭവത്തിന് സാക്ഷിയായത്. നിരവധി കേസുകളിലെ പ്രതിയായ നയീം എന്നയാളാണ് നാടകീയമായി കീഴടങ്ങിയത്.
ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പൊലീസ് 15,000 രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. പിടികൂടാൻ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി കഴിഞ്ഞദിവസം കീഴടങ്ങിയത്.
പൊലീസ് വെടിവയ്ക്കുമെന്ന് പേടിച്ചാണ് പ്ളക്കാർഡ് കഴുത്തിൽ തൂക്കി എത്തിയതെന്നാണ് നയീം പറയുന്നത്. തന്റെ തെറ്റുകൾ മനസിലായി എന്നും അതിനാലാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു. ഇക്കാര്യങ്ങളും പ്ളക്കാർഡിൽ എഴുയിരുന്നു.
ഗുണ്ടകൾക്കും ക്രിമിനലുകൾക്കും എതിരെ ഉത്തർപ്രദേശ് സർക്കാർ നടപടി ശക്തമായിക്കിയിരുന്നു. അടുത്തിടെ നിരവധി ക്രിമിനലുകൾ പൊലീസിന്റെ തോക്കിനിരയായിരുന്നു.ഇതാണ് പെട്ടെന്നുളള കീഴടങ്ങലിന് നയീമിനെ പ്രേരിപ്പിച്ചത്. പ്ലക്കാർഡ് കഴുത്തിൽ തൂക്കിയതും ഇതിനാലാണ്. ഗുണ്ടാ നിയമപ്രകാരം അറസ്റ്റുചെയ്ത നയീമിനെ റിമാൻഡ് ചെയ്തു.