covid

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംവരവ് പിടിമുറുക്കിയതോടെ സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതമാകുമെന്ന് സൂചന. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും. സ്ഥിതി നിയന്ത്രണാതീതമായാൽ പഴയതുപോലെ ലോക്ക് ഡൗണിലേക്ക് പോകേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മുന്നറിയിപ്പ് നൽകിയത് സംസ്ഥാനത്തെ അതിരൂക്ഷമായ സ്ഥിതി കണക്കിലെടുത്താണ്.

ഇളവുകൾ വിനയായി, വീണ്ടും ലോക്ക് ഡൗണിന് സാദ്ധ്യത

രോഗവ്യാപനം രൂക്ഷമായപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതാണ് സ്ഥിതി ഇന്നത്തെ നിലയിൽ എത്തിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പൊതുഗതാഗത സംവിധാനങ്ങൾ തുറന്നു നൽകിയതും രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇനിയും നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന ബോദ്ധ്യം ആരോഗ്യവകുപ്പിനുണ്ട്. വീണ്ടുമൊരിക്കൽ കൂടി ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. എന്നാൽ, അത് എത്രത്തോളം സാദ്ധ്യമാകും എന്നതിലും സംശയമുണ്ട്. രാജ്യത്ത് അൺലോക്ക് പ്രക്രിയ ആരംഭിച്ചിരിക്കെ വീണ്ടും ലോക്ക് ഡൗൺ എന്നത് പ്രയോഗികമാവില്ലെന്ന് വിലയിരുത്തലുണ്ട്. മാത്രമല്ല, അത് സംസ്ഥാനത്തിന്റെ സമ്പത്ത് ഘടനയ്ക്ക് വീണ്ടും തിരിച്ചടിയാണ്. അതിനാൽ, ലോക്ക് ‌ഡൗൺ ഏർപ്പെടുത്താതെ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചാവും വീണ്ടും ചർച്ച നടക്കുക എന്നും സൂചനയുണ്ട്.

ലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഇന്നത്തെ യോഗത്തിൽ മന്ത്രിമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വീണ്ടും ലോക്ക് ഡൗൺ വേണമെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന. ജനങ്ങൾ ഇളവുകൾ ദുരുപയോഗം ചെയ്യുകയാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുന്നറിയിപ്പ് നൽകിയിരുന്നു.

27 ദിവസം, ഒരു ലക്ഷം രോഗികൾ

ഈ മാസം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് 99,​999 രോഗികളാണ് അധികമായി ഉണ്ടായത്. രോഗവ്യാപനത്തിന്റെ അതിതീവ്രതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം 6000ൽ നിന്ന് 7500 കടക്കാൻ എടുത്തത് വെറും മൂന്ന് ദിവസം മാത്രമാണെന്നത് രോഗവ്യാപനം അതിവേഗത്തിലാണെന്നതിന്റെ സൂചനയാണ്. പ്രതിദിന രോഗവർദ്ധനവിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) ഉം ഉയരുകയാണ്. 100 പരിശോധനകളിൽ 13.87 രോഗികൾ എന്നതാണ് ഇന്നലത്തെ ടി.പി.ആർ. ടി.പി.ആറിന്റെ കാര്യത്തിൽ നിലവിൽ കേരളം രാജ്യത്ത് മൂന്നാമതാണ്. ഇതിൽ കേരളത്തിന് മുകളിലുള്ളത് കർണാടകയും മഹാരാഷ്ട്രയുമാണ്. ടി.പി.ആ‍ർ അനുദിനം വർദ്ധിക്കുകയും ചെയ്യുന്നു. ഇത് പിടിച്ചു നിറുത്തണമെങ്കിൽ പരിശോധനകൾ ഇനിയും കൂട്ടിയേ മതിയാകൂവെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത് 1,75,384 പേർക്കാണ്. ആകെ മരണത്തിന്റെ ഇരട്ടിയിലധികവും ഈ മാസമാണ് സംഭവിച്ചത്. ചികിത്സയിലുള്ളവരുടെ നിരക്ക് രാജ്യത്ത് 15.96 ശതമാനം ആണെന്നിരിക്കെ സംസ്ഥാനത്ത് അത് 32.34 ശതമാനമാണ്. അതായത് രോഗം സ്ഥിരീകരിച്ചവരിൽ 32 ശതമാനം പേർ ഇപ്പോൾ രോഗികൾ. കർശനമായ ചികിത്സാ ഡിസ്ചാർജ് പ്രോട്ടോക്കോൾ ഉള്ളതിനാൽ രോഗമുക്തി നിരക്കും മന്ദഗതിയിലാണ്. ദേശീയതലത്തിൽ 82 ശതമാനമാണ് രോഗമുക്തി നിരക്കെങ്കിൽ സംസ്ഥാനത്തിത് 67 ശതമാനമാണ്.

തലസ്ഥാനമടക്കം മുൾമുനയിൽ

സംസ്ഥാനത്ത് തിരുവനന്തപുരം,​ കോഴിക്കോട്,​ മലപ്പുറം എന്നീ ജില്ളകളിലാണ് രോഗവ്യാപനം അതിരൂക്ഷം. ഇവിടങ്ങളിലെ ഇന്നലത്തെ രോഗികൾ യഥാക്രമം 853,​ 956,​ 915 എന്നിങ്ങനെയാണ്. തലസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം ആയിരം കടന്നിരുന്നു. ഇതിൽ ഏറെയും സമ്പർക്കരോഗികളാണെന്നതാണ് മറ്റൊരു വെല്ലുവിളി. എത്രയൊക്കെ പ്രോട്ടോക്കോൾ നിർദ്ദേശിച്ചിട്ടും സമ്പർക്ക രോഗബാധ തടയാൻ കഴിയാത്തത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.