സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യുട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനുമെതിരെ കേസെടുത്തത്. മോഷണക്കുറ്റം ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ശാന്തിവിള ദിനേശും വിജയ് പി നായരും ഒറ്റക്കെട്ടായി നിന്നുകൊണ്ടാണോ തനിക്കെതിരെ ഇത്തരത്തിലൊരു പ്രചരണം നടത്തിയിരിക്കുന്നതെന്ന് സംശയിക്കുന്നതായി ഭാഗ്യലക്ഷ്മി കൗമുദി ടിവിയോട് വെളിപ്പെടുത്തി.'എനിക്കൊരു സംശയം ഈ ശാന്തിവിള ദിനേശും വിജയ് പി നായരും ഒറ്റക്കെട്ടാണോ എന്ന്. കാരണം ഇവർ രണ്ടുപേരും ഒരേ സ്ഥലക്കാരാണ്. അതുകൊണ്ട് തന്നെ ഇവർ രണ്ടുപേരും ഒരുമിച്ച് നിന്നാണോ ഈ അറ്റാക്ക് നടത്തിയിരിക്കുന്നതെന്ന് ഞാൻ സംശയിക്കുന്നു' -ഭാഗ്യലക്ഷ്മി പറഞ്ഞു.
അതോടൊപ്പം നിരവധിയാളുകൾ തന്നെ പിന്തുണച്ചിട്ടുണ്ടെന്നും നടി പറയുന്നു. സിനിമ മേഖലയിൽ നിന്ന് മഞ്ജു വാര്യർ, ഭാവന, ജയറാം അങ്ങനെ ഒരുപാടാളുകൾ തനിക്ക് പിന്തുണയറിയിച്ച് വിളിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി.