2016 സെപ്തംബർ 28..ഇന്ത്യക്കാർ രോമാഞ്ചത്തോടെ മാത്രം ഓർക്കുന്ന ദിവസം. പാകിസ്ഥാന്റെ നെഞ്ചിൽ ഇന്ത്യൻ സൈനികർ മിന്നലായ ദിവസം. നമ്മുടെ ധീരസൈനികർ നിയന്ത്രണരേഖകടന്ന് മൂന്ന് കിലോമീറ്റർവരെ ഉളളിലെത്തി പാക് അധിനിവേശ കാശ്മീരിലെ ഭീകരരെയും അവരുടെ താവളങ്ങളെയും ഭസ്മമാക്കുകയായിരുന്നു. എന്താണ് ശരിക്കും സംഭവിക്കുന്നതെന്നുപോലും പാകിസ്ഥാന് പിടികിട്ടിയില്ല. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പാരാ റെജിമെന്റിന്റെ ഭാഗമായ പാരാ കമാൻഡോകളായിരുന്നു പാകിസ്ഥാന്റെ നെഞ്ചിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. മിന്നലാക്രമണ സംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി തിരികെയെത്തുകയും ചെയ്തു. 45 ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇന്ത്യ സേനയുടെകരുത്ത് തെളിയിച്ച ആ സർജിക്കൽ സ്ട്രൈക്കിന് ഇന്ന് നാലാണ്ട് തികയുകയാണ്. സർജിക്കൽ സ്ട്രൈക്കിന് മറുപടി തരുമെന്ന് പാകിസ്ഥാൻ വീമ്പളക്കിയെങ്കിലും വർഷം നാലുകഴിഞ്ഞിട്ടും ഒരു ചെറുവിരൽപോലും അനക്കാൻ അവർക്ക് ധൈര്യം വന്നിട്ടില്ല. കൊടുത്താൽ നാലിരട്ടി തിരിച്ചുകിട്ടും എന്ന ബോദ്ധ്യം തന്നെ അതിന് കാരണം.
സെപ്തംബർ പതിനെട്ടിനായിരുന്നു ഉറിയിലെ സൈനിക ക്യാമ്പിൽ പാക് ഒത്താശയോടെ ഭീകരർ ആക്രമണം നടത്തിയത്. 17 സൈനികരാണ് ഈ ആക്രമണത്തിൽ വീരമൃത്യുവരിച്ചത്. സർജിക്കൽ സ്ട്രൈക്ക് നടത്താൻ ഇന്ത്യയെ പ്രേരിപ്പിച്ചത് ഈ ആക്രമണമായിരുന്നു. ഉറിയിലെ ആക്രമണത്തിന് തൊട്ടുമുമ്പ് പത്താൻകോട്ടെ വ്യോമസേനയുടെ ആസ്ഥാനത്തും ഭീകരാക്രമണം നടന്നിരുന്നു.ഏഴ് സൈനികരാണ് അന്ന് വീരമൃത്യുവരിച്ചത്. ഉറിയിലെ ആക്രമണത്തിന് ശേഷം സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.അന്വേഷണം പൂർത്തിയായതോടെ ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായി. തെളിവുകൾ സഹിതം ഇക്കാര്യം പാകിസ്ഥാനെ അറിയിച്ചെങ്കിലും അവർ നിഷേധിച്ചു.ഇതോടെയാണ് തിരിച്ചടി നൽകാൻ തീരുമാനിച്ചത്. സൈനിക നടപടിക്കുളള നീക്കങ്ങൾ അതീവ രഹസ്യമായി തുടങ്ങി. ഇതിനൊപ്പം പാക് അധിനിവേശ കാശ്മീരിലെ ഭീകര കേന്ദ്രങ്ങളെക്കുറിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കാര്യങ്ങൾ എല്ലാം ഒ കെ ആയതോടെ മിന്നലാക്രമണത്തിനുളള സമയം കുറിച്ചു.
പരീശീലനം ലഭിച്ച ഭീകരരെ ഇന്ത്യയിലേക്ക് അയയ്ക്കാനുളള ലോഞ്ച് പാഡുകളായിരുന്നു സൈന്യത്തിന്റെ പ്രധാനലക്ഷ്യം. പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിൽ പരിശീലനം നേടുന്ന ഭീകരരെ യോജിച്ച സമയത്ത് ഇന്ത്യയുടെ അതിർത്തി കടത്തിവിടാൻ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളായിരുന്നു ലോഞ്ച് പാഡുകൾ എന്നറിയപ്പെടുന്നത്. എവിടെയെല്ലാമാണ് ഇത്തരം കേന്ദ്രങ്ങളുളളതെന്ന് ഇന്ത്യൻ സൈന്യത്തിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നു.
ആക്രമണത്തിന് മുമ്പ് അതിർത്തിയിലെ ഗ്രാമങ്ങളിൽ നിന്ന് കുറച്ചുപേരെ ഒഴിപ്പിച്ചു.അതും അതീവ രഹസ്യമായിട്ടായിരുന്നു. ശത്രുക്കൾക്ക് ഒരു സൂചനയും ലഭിക്കാതിരിക്കാനായിരുന്നു ഇത്. പിന്നെല്ലാം വളരെപെട്ടെന്നായിരുന്നു. അർദ്ധരാത്രിയോടെ കമാൻഡോകൾ അതിർത്തിയിലെത്തി. അത്യന്താധുനികമായ ആയുധങ്ങളുമായി അവർ ഈച്ചപോലും അറിയാതെ പാകിസ്ഥാന്റെ പ്രദേശങ്ങളിലേക്ക് കയറി. രാത്രി കാഴ്ചയ്ക്കുള ഉപകരണങ്ങൾ, എ കെ 47 തോക്കുകൾ, എം 4എ1 കാർബൈൻ റൈഫിൾ, എം 4എ1എസ് റൈഫിൾ, ഇസ്രയേലി നിർമിത ടാവർ ടാർ 21 റൈഫിൾ, ഗ്രനേഡ് ലോഞ്ചറുകൾ, ഗാലിൽ സ്നിപ്പർ റൈഫിളുകൾ തുടങ്ങിയവയായിരുന്നു കമാൻഡോകളുടെ കൈയിലുണ്ടായിരുന്ന ആയുധങ്ങൾ .ഭീക
രകേന്ദ്രങ്ങളിൽ കണ്ണിൽകാണുന്ന മുഴവൻപേരെയും കൊന്നുതളളാനായിരുന്നു കമാൻഡോകൾക്കുളള നിർദ്ദേശം. അത് അവർ അക്ഷരം പ്രതി പാലിച്ചു. ആറ് ഭീകരകേന്ദ്രങ്ങളിൽ ഒരേസമയമായിരുന്നു ആക്രമണം. വാഹനങ്ങളും ആയുധസംഭരണ കേന്ദ്രങ്ങളും നിമിഷങ്ങൾ കൊണ്ട്ചാരമായി. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുമ്പുതന്നെ ഭീകരർ എല്ലാം യമപുരിയിലെത്തിയിരുന്നു.
തങ്ങളുടെ പ്രദേശത്ത് ഇന്ത്യ നടത്തിയ ആക്രമണം തിരിച്ചറിഞ്ഞ പാക് സൈനികർ കമാൻഡോകൾക്കുനേരെ വെടിവയ്പ്പുതുടങ്ങി. പക്ഷേ, കമാൻഡാേകളിൽ ഒരാളുടെപോലും ജീവൻ നഷ്ടമായില്ല.എല്ലാവരും സുരക്ഷിതരായി അതിർത്തി കടന്നതോടെ ദൗത്യം പൂർണ വിജയമായി. പിറ്റേന്ന് ഇന്ത്യതന്നെയാണ് സർജിക്കൽ സ്ട്രൈക്ക് നടത്തിയ വിവരം പുറത്തുവിട്ടത്. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് തിരിച്ചടി പ്രതീക്ഷെച്ചെങ്കിലും അവർ മാളത്തിൽ ഒളിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല.