k-muraleedharan

കോഴിക്കോട്: പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം ആലങ്കാരികമായി കൊണ്ടുനടക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ് ഒഴിഞ്ഞതെന്ന് വ്യക്തമാക്കി കെ.മുരളീധരൻ. കൊടിക്കുന്നിലും കെ.സുധാകരനും വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോ ഒഴിയണമോ എന്നുളളത് അവർ സ്വയം തീരുമാനിക്കണം. തന്റെ മാതൃക എന്താണെന്ന് താൻ കാണിച്ചു. തന്റെ രാജികൊണ്ട് പാർട്ടിയിൽ പ്രതിസന്ധിയുണ്ടാകില്ല. തങ്ങളില്ലെങ്കിലും കോൺഗ്രസിൽ ഒരുപാട് പേരുണ്ട്. യു.ഡി.എഫ് തിരഞ്ഞെടുപ്പുകളിൽ ജയിക്കുമെന്നുളള കാര്യം ഉറപ്പാണ്. പാർലമെന്റിലെ കാര്യം നോക്കാനുളള ദൗത്യമാണ് തങ്ങളെ ഏൽപ്പിച്ചിരിക്കുന്നത്. അത് ഭംഗിയായി നോക്കുന്നുണ്ടെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയിലോ മുന്നണിയിലോ അങ്കലാപ്പിന്റെ പ്രശ്നമില്ല. നേതാക്കൾക്ക് ക്ഷാമമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. താൻ ഒരു മുരളീധരൻ പോയാൽ ആയിരം മുരളീധരന്മാർ വേറെ വരും. പാർട്ടിയുടെ കെട്ടുറപ്പിനെ സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷേ താൻ വിഴുപ്പലക്കിലേക്കില്ല. വിഴുപ്പലക്കലിന്റെ കാലം അവസാനിച്ചു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒരു കാര്യങ്ങളും താൻ പറയില്ല. പുന:സംഘടന ഉൾപ്പടെ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ പരസ്യ പ്രസ്താവന നടത്തി പാർട്ടിക്ക് ക്ഷീണമുണ്ടാക്കാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനത്തെക്കാളും വലിയ പദവികൾ താൻ പാർട്ടിയിൽ വഹിച്ചിട്ടുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. ആ പദവിയുടെ പരിസരത്തൊന്നും എത്തുന്ന പോസ്റ്റല്ല പ്രചാരണസമിതി അദ്ധ്യക്ഷ സ്ഥാനം. ആ പദവിയിൽ ഭംഗിയായാണ് പ്രവർത്തിച്ചത്. ഒഴിയാനുളള താത്പര്യം നേരത്തെ തന്നെ കോൺഗ്രസ് അദ്ധ്യക്ഷയെ അറിയിച്ചിരുന്നു. ഇന്നലെ ബെന്നി ബെഹനാൻ കൂടി ഒഴിഞ്ഞപ്പോൾ പിടിച്ചുനിൽക്കേണ്ട ആവശ്യമില്ലെന്ന് തനിക്ക് തോന്നിയെന്നും മുരളീധരൻ പറഞ്ഞു.

കാര്യമായ കൂടിയാലോചനകൾ പാർട്ടിയിൽ നടക്കുന്നില്ല. പത്ര വാർത്തകൾ ഉളളതുകൊണ്ടാണ് കാര്യങ്ങൾ താൻ അറിയുന്നത്. തന്നെ പാർട്ടി ഉൾക്കൊളളുന്നുണ്ടോ ഇല്ലായോ എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പരസ്യ പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ല. പാർട്ടിക്ക് വേണ്ടി താഴേത്തട്ടിൽ പ്രവർത്തിക്കുന്നവർ മത്സരിക്കുന്ന സമയമാണിത്. തങ്ങളെയൊക്കെ നേതാക്കളാക്കാൻ അഹോരാത്രം പണിയെടുത്തവർക്ക് ക്ഷീണമുണ്ടാകാൻ പാടില്ല. അവർക്ക് പ്രയാസങ്ങൾ ഉണ്ടാകുന്ന ഒരു കാര്യത്തിനും താനില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.