റിയാദ്: ജി - 20 രാജ്യങ്ങളുടെ ഉച്ചകോടി ഇത്തവണ വെർച്വലായി നടത്തും. നവംബർ 21, 22 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇത്തവണ അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമായ സൗദി അറേബ്യൻ സർക്കാരാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പ്രതിസന്ധിയിൽ ആഗോള തലത്തിലുണ്ടായ തളർച്ചയെ നേരിടാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഇത്തവണത്തെ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്സിൻ വികസന പ്രവർത്തനങ്ങൾക്കുമായി 21 ബില്യൺ ഡോളർ ജി 20 സംഭാവന ചെയ്തിട്ടുണ്ടെന്ന് സൗദി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
കൂടാതെ ആഗോള സാമ്പത്തിക മേഖലയെ സംരക്ഷിക്കുന്നതിനായി 11 ട്രില്യൺ നൽകുകയും വികസനം കുറഞ്ഞ രാജ്യങ്ങളുടെ കട ബാധ്യത കുറയ്ക്കുന്നതിനായി പുതിയ പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജി -20 ഉച്ചകോടിക്ക് മുന്നോടിയായി സെപ്തംബർ ആദ്യ വാരം സൗദി രാജാവ് സൽമാൽ ബിൻ അബ്ദുൾ അസീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ഫോൺ മുഖേന ചർച്ച നടത്തി.