navajot-khosa

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ഡ്യൂട്ടിയിൽ ഭൂരിഭാഗം വകുപ്പുകളിലെയും മുതിർന്ന ഡോക്ടർമാരുടെ നിസ്സഹകരണത്തിനെതിരെ കർശന നടപടിയുമായി സർക്കാർ. 60വയസിൽ താഴെയുള്ള പ്രൊഫസർമാർ ഉൾപ്പെടെയുള്ള എല്ലാ ഡോക്ടർമാരെയും ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിലെ കൊവിഡ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി കർശന നിലപാടെടുത്തത്.

പി.ജി, ഹൗസ് സർജന്മാർ മാസങ്ങളായി രാപ്പകലില്ലാതെ പണിയെടുക്കുമ്പോഴും 26 വിഭാഗങ്ങളുള്ള മെഡിക്കൽ കോളേജിലെ ഭൂരിഭാഗം പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർമാരും കൊവിഡ് ഡ്യൂട്ടി നോക്കുന്നില്ലെന്ന വ്യാപകമായ പരാതി ഉയർന്നതിന് പിന്നാലെ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത് കളക്ടർ നവജ്യോത് ഖോസയും പൊട്ടിത്തെറിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് ഡോക്ടർമാരെ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടത് എന്നാൽ ഡോക്ടർമാരുടെ നിസ്സഹകരണം കാരണം ഇത് നടപ്പാകുന്നില്ലെന്നാണ് ആക്ഷേപം. പ്രിൻസിപ്പലിന് ഡ്യൂട്ടി നിശ്ചയിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഓരോ ഡിപ്പാർട്ട്മെന്റിലേയും ഡോക്ടർമാരുടെ ലിസ്റ്റ് ഓഫീസിൽ ലഭ്യമാക്കിയാൽ ആഴ്ചയിൽ കളക്ടർ ഓഫീസിൽ നിന്ന് ഡ്യൂട്ടി നിശ്ചയിക്കാമെന്നും കളക്ടർ വ്യക്തമാക്കി.

മാസങ്ങളായി കൊവിഡ് പോരാട്ടം തുടരുന്നതിനിടെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നത് പതിവാണ്. മിക്ക വകുപ്പുകളിലെയും അസിസ്റ്റന്റ് പ്രൊഫസർമാർ ഡ്യൂട്ടിക്കെത്തുന്നുണ്ട്. രോഗികൾ പ്രതിദിനം വർദ്ധിച്ചിട്ടും ഡ്യൂട്ടിയെടുക്കാതെ മാറി നിൽക്കുന്ന മുതിർന്ന ഡോക്ടർമാർക്കെതിരെ മെഡിക്കൽ കോളേജിൽ മറ്റുഡോക്ടർമാർ കടുത്ത അമർഷത്തിലാണ്. കൊവിഡ് ഡ്യൂട്ടിക്ക് മുൻനിരയിലുള്ള വകുപ്പുകളിലെ ‌ഡോക്ടർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്.