india-covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 60 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 82,170 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1039 പേർ മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പുതിയ കണക്കാണിത്. രാജ്യത്ത് ഇതുവരെ 95,542 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്‌ടമായി. സെപ്‌തംബർ 2 ന് ശേഷം പ്രതിദിനം ആയിരത്തിലധികം പേരാണ് മരണമടയുന്നത്. 24 മണിക്കൂറിനിടെ 74,893 പേർക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 50 ലക്ഷം കടന്നു. 50,16,520 പേർക്കാണ് കൊവിഡ് ഭേദപ്പെട്ടത്.

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60,74,703 ആണ്. അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏ‌റ്റവും മോശമായി കൊവിഡ് ബാധിച്ച രാജ്യവും ഇന്ത്യയാണ്. 71 ലക്ഷം പേർക്കാണ് അമേരിക്കയിൽ രോഗം. ലോകമാകെ ഇതുവരെ 10 ലക്ഷത്തിലധികം പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. മതിയായ പ്രതിരോധ പ്രവർത്തനം നടത്തിയില്ലെങ്കിൽ ലോകമാകെ വാക്‌സിൻ കണ്ടെത്തും മുൻപ് 25 ലക്ഷം പേരെങ്കിലും മരണമടയുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

പ്രതിദിന ടെസ്‌റ്റ് പോസി‌റ്രീവി‌റ്റി നിരക്ക് ശനിയാഴ്‌ച 6.3 ആയിരുന്നെങ്കിൽ ഇന്നത് 11.58 ആയി. ഏതാണ്ട് ഇരട്ടി വർദ്ധന. 7,09,394 പരിശോധനകൾ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തി.ഇതുവരെ രാജ്യത്ത് 7,19,67,230 സാമ്പിളുകൾ പരിശോധിച്ചു.

രാജ്യത്തെ രോഗമുക്തി നിരക്ക് 82.58 ആയി. ദേശീയ മരണനിരക്ക് 1.57 ആണ്.

പ്രതിദിനം ഏ‌റ്റവും കൂടുതൽ രോഗികളുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്ന് ഇപ്പോൾ കേരളമാണ്. മഹാരാഷ്‌ട്ര ആന്ധ്രപ്രദേശ്,കർണാടക, തമിഴ്നാട് എന്നിവയാണ് കേരളത്തിന് മുന്നിൽ. അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ പ്രതിദിന വർദ്ധനയുടെ 58 ശതമാനവും. 47,758 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിൽ ഇതുവരെ 13.30 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 18,056 പേ‌ർക്കാണ്. കർണാടകത്തിൽ 9000 ലധികവും കേരളത്തിൽ 7000 ലധികവും പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്‌തു. ആന്ധ്രപ്രദേശിൽ 6923 പേർക്കും തമിഴ്‌നാട്ടിൽ 5791 പേർക്കും രോഗം സ്ഥിരീകരിച്ചു.

കൊവിഡ് മരണനിരക്കിൽ ഒന്നാമത് മഹാരാഷ്‌ട്ര തന്നെ. 380 പേരാണ് ഇവിടെ മരണടഞ്ഞത്.പശ്ചിമ ബംഗാൾ,ആന്ധ്രപ്രദേശ്, കർണാടക,തമിഴ്‌നാട് എന്നിവിടങ്ങളിലും മരണനിരക്ക് ഉയരുകയാണ്. രാജ്യത്തെ ആകെ മരണനിരത്തിന്റെ 65 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. 676 പേർ.

ആർജിത പ്രതിരോധ ശേഷി രാജ്യത്ത് ഇതുവരെ നേടാനായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർദ്ധൻ അറിയിച്ചു. മാത്രമല്ല ഡോക്‌ടർമാർക്ക് പോലും രോഗം വീണ്ടും സ്ഥിരീകരിക്കുന്നുണ്ട്.കർണാടകം, മഹാരാഷ്‌ട്ര,തെലങ്കാന, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങൾ കൂടുതൽ. ആസാമിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 50 ശതമാനത്തോളം ഉയർന്നു. കനത്ത വെള‌ളപ്പൊക്കം ഉയർത്തിയ പകർച്ചാവ്യാധി ഭീഷണിക്ക് പിന്നാലെ കൊവി‌ഡ് മൂന്നാംഘട്ട വ്യാപനത്തിനും ഇവിടെ സാദ്ധ്യത ഉയർന്നു.