പ്രശസ്ത കഥാകൃത്ത് ജി.ആർ.ഇന്ദുഗോപൻ രചിച്ച വിലായത്ത് ബുദ്ധ എന്ന ലഘുനോവൽ ജയൻനമ്പ്യാർ സംവിധാനം ചെയ്യും.വായനക്കാർക്കിടയിൽ സവിശേഷശ്രദ്ധയാകർഷിച്ച ഈ കൃതി സിനിമയാക്കാൻ ആദ്യം മുന്നോട്ടു വന്നത് സംവിധായകൻ സച്ചിയായിരുന്നു.അദ്ദേഹത്തിന്റെ അകാല വേർപാടാണ് ഇങ്ങനെയൊരു തീരുമാനത്തിന് ഇടയാക്കിയത്.ജയൻ സച്ചിയുടെ ചീഫ് അസോസിയേറ്റായിരുന്നു.പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ മുഖ്യ സംവിധാനസഹായിയും ജയനായിരുന്നു.
സിനിമയുടെ തിരക്കഥ ഇന്ദുഗോപൻ രാജേഷുമായി ചേർന്നെഴുതും. ശ്രീജിതിനൊപ്പം പങ്കാളിയായി പകിടയുടെ തിരക്കഥ എഴുതിയയാളാണ് രാജേഷ്.വിലായത്ത് ബുദ്ധയിലെ നായക കഥാപാത്രമായ ഡബിൾ മോഹനനെ പൃഥ്വിരാജ് അവതരിപ്പിക്കും.ഭാസ്ക്കരൻ മാസ്റ്റർ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തിലേക്ക് കോട്ടയം രമേശിനെ ഉൾപ്പെടയുള്ളവരെ പരിഗണിക്കുന്നതായി അറിയുന്നു.സച്ചിയുടെ അയ്യപ്പനും കോശിയിലും പൃഥ്വിരാജിന്റെ ഡ്രൈവറുടെ വേഷമണിഞ്ഞയാളാണ് കോട്ടയം രമേശ്.ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ഭാസ്ക്കരൻ മാസ്റ്റർ വളർത്തുന്ന മുന്തിയ ഇനം ചന്ദനമരത്തിൽ ഡബിൾ മോഹനൻ കണ്ണുവയ്ക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.വിലായത്ത് ബുദ്ധ സിനിമയാക്കാൻ സച്ചി ഒരുപാട് ആഗ്രഹിച്ചിരുന്നു. സന്ദീപ് സേനനാണ് ചിത്രം നിർമ്മിക്കുന്നത്.