punjab

ന്യൂഡൽഹി: എൻ ഡി എയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ നേതാവ് സുഖ് ബീർ സിംഗ് ബാദൽ രംഗത്തെത്തി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എൻ ഡി എ എന്നത് വെറും പേരുമാത്രമായെന്നും വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ആരോപിച്ച അദ്ദേഹം എൻ ഡി എയുടെ യോഗം നടത്തിയിട്ട് വർഷങ്ങളായി എന്നും പറഞ്ഞു. ശിരോമണി അകാലിദൾ എൻ ഡി എ വിട്ട് ഒരു ദിവസം കഴിഞ്ഞപ്പോഴായിരുന്നു സുഖ് ബീർ സിംഗിന്റെ വിമർശനം.

'കഴിഞ്ഞ പത്തുവർഷത്തിനിടെ എൻ ഡി എയുടെ യോഗം പ്രധാനമന്ത്രി വിളിച്ചത് എന്റെ ഓർമ്മയിലില്ല. സഖ്യം എന്നത് വെറും കടലാസിൽ മാത്രമാണ്. വാജ്പേയിയുടെ സമയത്ത് എല്ലാവരുമായും ശരിയായ ബന്ധം ഉണ്ടായിരുന്നു. എന്റെ പിതാവ് എൻ ഡി എയുടെ സ്ഥാപക അംഗമാണ്. സംസ്ഥാനത്ത് ഞങ്ങൾ ഭൂരിപക്ഷവും അവർന്യൂനപക്ഷവുമാണ്' -അദ്ദേഹം പറഞ്ഞു.

കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് ശിരോമണി അകാലിദൾ എൻ ഡി എ വിട്ടത്. കഴിഞ്ഞ ആഴ്ച അകാലിദൾ നേതാവ് ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്നണി വിടാനുള്ള തീരുമാനവുമുണ്ടായത്.