python

റാംപൂർ: കൺമുന്നിൽ കണ്ട ഇരയുടെ വലിപ്പം നോക്കിയില്ല, അങ്ങ് വിഴുങ്ങി. പിന്നാലെ പെരുമ്പാമ്പിന് കിട്ടിയത് മുട്ടൻ പണി. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലെ സിഹാരി ഗ്രാമത്തിലാണ് സംഭവം. കൂറ്റൻ ഇരയെ ഭക്ഷിച്ചതിനാൽ അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പെരുമ്പാമ്പ്.

പെരുമ്പാമ്പിനെ കണ്ട് നാട്ടുകാർ ആദ്യമൊന്ന് പേടിച്ചു. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.വനംവകുപ്പ് സ്ഥലത്തെത്തി പാമ്പിനെ രക്ഷപ്പെടുത്തി അടുത്തുള്ള വനത്തിൽ വിട്ടു. റാംപൂർ ജില്ലയിലെ സിഹാരി ഗ്രാമത്തിൽ പെരുമ്പാമ്പിനെ കണ്ടെന്ന വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയെന്ന് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ രാജീവ് കുമാർ പറഞ്ഞു

'വലിയ ഇരയെ ഭക്ഷിച്ചതിനാൽ പാമ്പിന് അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.പരിഭ്രാന്തരാകരുതെന്ന് നാട്ടുകാരോട് നിർദ്ദേശിച്ചു. തുടർന്ന് പാമ്പിനെ രക്ഷപ്പെടുത്തി വനത്തിൽ വിട്ടയച്ചു.പാമ്പ് വലിയ ആടിനെയാണ് ഭക്ഷിച്ചതെന്ന് തോന്നുന്നു'-രാജീവ് കുമാർ പറഞ്ഞു.