subhani-haja-moideen

കൊച്ചി: ഭീകരസംഘടനയായ ഐസിസിൽ ചേർന്ന ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്കെതിരെ ഭീകരപ്രവർത്തനം നടത്തിയ കേസിൽ മലയാളിയായ സുബ്ഹാനി ഹാജ മൊയ്‌തീന് ജീവപര്യന്തം. സുബ്ഹാനി ഹാജ ഒരു ലക്ഷം രൂപ പിഴ അടക്കണമെന്നും കൊച്ചി എൻ.ഐ.എ കോടതി വിധിച്ചു. ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുക, ഗൂഢാലോചന നടത്തുക ,തീവ്രവാദ പ്രവർത്തനത്തിൽ പങ്കാളിയാവുക ,അതിനു സഹായം ചെയ്യുക അടക്കമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ നിലനിൽക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ.

ഐസിസിനായി ഭീകരാക്രമണത്തിൽ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരം കേസിൽ ഒരാൾ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുന്നത്. തീവ്രവാദി അല്ലെന്നും സമാധാനത്തിൽ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി കോടതിയിൽ പറഞ്ഞു, അക്രമത്തിന് ഒരിക്കലും സമാധാനം ഉറപ്പാക്കാൻ ആകില്ല . ഇന്ത്യയ്ക്ക് എതിരെയോ മറ്റു രാജ്യങ്ങൾക്ക് എതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നായിരുന്നു സുബ്ഹാനിയുടെ വാദം.

മുപ്പതാമത്തെ വയസിലാണ് സുബ്ഹാനി ഹാജ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെടുന്നത്. 2014ൽ ഐസിസിനൊപ്പം ചേ‌ർന്നു. ഒരു ഘട്ടത്തിലും അതിൽ മനംമാറ്റം ഉണ്ടായിട്ടില്ല. അതുകൊണ്ട് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് എൻ.ഐ.എ ആവശ്യപ്പെട്ടത്. തിരുനെൽവേലിയിൽ താമസം ആക്കിയ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീൻ 2015 ഫെബ്രുവരിയിൽ ആണ് ഐ.എസിൽ ചേർന്ന് ഇറാഖിൽ പോയത് . 2015 സെപ്‌തംബർ ഇന്ത്യയിൽ തിരിച്ചെത്തി. ഇറാഖ്, സിറിയ അടക്കം രാജ്യങ്ങളിൽ പോയി ആയുധ പരിശീലനം നേടി യുദ്ധം ചെയ്തു . കനകമല ഗൂഢാലോചനയിൽ പങ്കാളി ആണെങ്കിലും സുബ്ഹാനി കേസ്‌ പ്രത്യേക വിചാരണ നടത്തുകയായിരുന്നു