covid-19

ബീജി​ംഗ്: ഫലപ്രാപ്തി തെളിയിക്കാത്ത കൊവിഡ് വാക്സിൻ ചൈന ജനങ്ങളിൽ കുത്തിവയ്ക്കുന്നു എന്ന് റിപ്പോർട്ട്. സർക്കാർ കമ്പനികളിൽ ജോലിചെയ്യുന്നവർ, വാക്സിൻ കമ്പനിയിലെ ജീവനക്കാർ,അദ്ധ്യാപകർ, സൂപ്പർമാർക്കറ്റ് ജീവനക്കാർ, വിദേശത്തേക്ക് യാത്രചെയ്യുന്നവർ തുടങ്ങിയവരിലാണ് വാക്സിൻ കുത്തിവയ്ക്കുന്നത്. പാർശ്വഫലങ്ങൾ എന്തെന്ന്പോലും തിരിച്ചറിയാത്ത വാക്സിനുകൾ കുത്തിവയ്ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയി​പ്പുകൾ അവഗണിച്ചാണ് ചൈനീസ് അധികൃതർ പരീക്ഷണം നടത്തുന്നതെന്നാണ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കൂടുതൽ പേരിൽ വാക്സിൻ കുത്തിവയ്ക്കാൻ അധികൃതർ തയ്യാറെടുക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

സമ്മതം പോലും വാങ്ങാതെയാണ് മരുന്ന് കുത്തിവയ്ക്കുന്നത്. ജീവനക്കാരിൽ നിന്ന് എന്താണ് ഉളളടക്കമെന്ന് വെളിപ്പെടുത്താത്ത ചില പേപ്പറുകൾ ഒപ്പിട്ട് വാങ്ങും. തുടർന്നാണ് മരുന്ന് കുത്തിവയ്ക്കുന്നത്. ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നതിനാൽ ജീവനക്കാർ ഒന്നും മിണ്ടാതെ ഒപ്പിട്ടുനൽകുകയാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് പേരിലാണ് പരീക്ഷണമെന്ന നിലയിൽ ഇതിനകം മരുന്ന് കുത്തിവച്ചത്.

നേരത്തേ തന്നെ ചൈനയ്ക്കെതിരെ ഇത്തരത്തിലുളള ആരോപണം ഉയർന്നെങ്കിലും അധികൃതർ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകമെങ്ങും കൊവിഡ് വാക്സിൽ കണ്ടുപിടിക്കാനുളള ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്. കൊവിഡിനെതിരെ കാര്യക്ഷമമായ വാക്സിൻ കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് റഷ്യമാത്രമാണ് രംഗത്തെത്തിയത്. റഷ്യൻ പ്രസിഡന്റ് പുടിനി​ലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലുമാണ് ആദ്യമായി മരുന്ന് കുത്തിവച്ചതെന്നാണ് റിപ്പോർട്ട്.