kapoor-haveli

പെഷവാർ: ബോളിവുഡ് ഇതിഹാസ താരങ്ങളായ രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും തകർന്നു വീഴാറായ തറവാട് വീടുകൾസംരക്ഷിക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചു. ഖൈബർ പഖ്തുൻഖ്വയിലെ തകർന്ന് വീഴാറായ ചരിത്ര മന്ദിരം പ്രവിശ്യയിലെ പുരാവസ്‌തു വകുപ്പിന്റെ നേതൃത്വത്തിൽ പെഷവാർ നഗരത്തിലെ ഇരു കെട്ടിടങ്ങളും പുതുക്കി സംരക്ഷിക്കാനും ദേശീയ സ്‌മാരകമാക്കാനും തീരുമാനമായിട്ടുണ്ട്.

ഇന്ത്യ പാക് വിഭജനത്തിന് തൊട്ടുമുൻപ് ഇരു താരങ്ങളും കഴിഞ്ഞിരുന്ന വീടുകളാണിത്. കിസ ഖവാനി ബസാറിലാണ് 'കപൂർ ഹവേലി' എന്ന് പേരിട്ടിരിക്കുന്ന രാജ് കപൂറിന്റെ പരമ്പരാഗതമായ തറവാട്. 1918നും 1922നുമിടയിൽ അദ്ദേഹത്തിന്റെ മുത്തച്ഛൻ ദിവാൻ ബാശേശ്വർനാഥ് കപൂർ ആണ് ഇത് നിർമ്മിച്ചത്. രാജ് കപൂറും അദ്ദേഹത്തിന്റെ അമ്മാവൻ ത്രിലോക് കപൂറും ഇവിടെയാണ് പിറന്നത്.

ദിലീപ് കുമാറിന്റെ നൂറ് വർഷം പഴക്കമുള‌ള തറവാട് ഏതാണ്ട് തകർന്ന് വീഴാറായ അവസ്ഥയിലാണ്. രാജ് കപൂറിന്റെ വീടിന് സമീപമാണിത്. 2014ൽ ദേശീയ സ്വത്തായി ഇത് പ്രഖ്യാപിച്ചിരുന്നു. ഈ കെട്ടിടങ്ങളുടെ ഇപ്പോഴത്തെ ഉടമകൾ കെട്ടിടങ്ങൾ പൊളിച്ച് ഷോപ്പിംഗ് മാളുകൾ പണിയാൻ പലതവണ ശ്രമിച്ചിരുന്നുവെന്ന് പുരാവസ്‌തു അധികൃതർ പറയുന്നു. രാജ് കപൂറിന്റെ കെട്ടിടം കൈമാറാൻ ഉടമ സർക്കാരിനോട് 200 കോടി ആവശ്യപ്പെട്ടിരിക്കുകയാണ്. 2018ൽ കപൂർ ഹവേലി മ്യൂസിയം ആക്കാമെന്ന് ആവശ്യപ്പെട്ട് രാജ് കപൂറിന്റെ മകനും പ്രശസ്‌ത നടനുമായ റിഷി കപൂറിന് കത്ത് നൽകിയെങ്കിലും തീരുമാനം രണ്ട് വർഷത്തിന് ശേഷമാണ് ഉണ്ടായത്. മുന്നൂറ് വർഷത്തിലേറെ പഴക്കമുള‌ള 1800 ചരിത്ര മന്ദിരങ്ങൾ പെഷവാറിലുണ്ട്.