international-day-of-olde

വാർദ്ധക്യം ആകുലതകളുടെ കാലമാക്കി പരിഗണിക്കുന്നതാണ് വയോജനങ്ങളുടെ ഉന്മേഷം ചോർത്തിക്കളയുന്നത്. ഇത് തിരിച്ചറിയേണ്ടത് സമൂഹമാണ്. വയോജനങ്ങളുടെ അറിവും അനുഭവസമ്പത്തും സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിലൂടെ അവരുടെ ഒറ്റപ്പെടൽ ഒഴിവാക്കാം.

2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ നൂറ്റിനാല് കോടി വയോജനങ്ങളുണ്ട്. ഇതിൽ 53 ശതമാനം സ്ത്രീകളും 51 ശതമാനം പുരുഷന്മാരുമാണ്. കേരളത്തിൽ 41,93,391 വയോജനങ്ങളുണ്ട്. അതിൽ 23 ലക്ഷത്തിൽപരം സ്ത്രീകളാണ്.വയോജനങ്ങളിൽ ഭൂരിഭാഗവും മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നവരും പരസഹായം ആവശ്യമായവരുമാണ്.
മക്കൾ ദൂരദേശങ്ങളിലേക്കു ജോലിതേടി പോകുമ്പോൾ മാതാപിതാക്കൾ ഒറ്റപ്പെടുന്നു. 2015 ൽ നാഷണൽ സാമ്പിൾ സർവേ ഓഫീസ് നടത്തിയ സർവേ ഫലപ്രകാരം 65 ശതമാനം വൃദ്ധരും രോഗികളാണ്. പ്രമേഹം, രക്താതിസമ്മർദ്ദം , ഹൃദയ- നാഡീസംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരാണ് ഇവരിലധികവും .
പതിന്നാലുശതമാനം വയോജനങ്ങൾ സഹായം ആവശ്യമുള്ളവരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ചിലപ്പോഴെങ്കിലും ഈ ആശ്രയത്വം ചൂഷണങ്ങളിലേക്ക് നയിക്കുന്നുമുണ്ട്. മാത്രമല്ല, ജീവന് പോലും ഭീഷണിയുണ്ടാകുന്നു. ചൂഷണത്തിന് വിധേയരാകുന്നവർ പോലും അതൊരു കുറ്റകൃത്യമായി കാണുകയോ നിയമസഹായം തേടുകയോ ചെയ്യാറില്ല . നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ചൂഷണത്തിന് കാരണമാകുന്നു.
60 വയസിനു മുകളിലുള്ളവർ അധികവും സ്ത്രീകളാണ്. അതിൽ ഭൂരിഭാഗവും വിധവകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പങ്കാളി നഷ്‌ടപ്പെട്ടവരും വീടുകളിൽ നിന്നും പുറംതള്ളപ്പെട്ടവരും അവിവാഹിതരുമായ വയോജനങ്ങൾ കൂടുതൽ ദുരിതത്തിലാണ്.
പരിചരിക്കാൻ കുടുംബാംഗങ്ങളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിൽ വയോജനസൗഹൃദമായ കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും ഉറപ്പാക്കാൻ ജാഗ്രത പുലർത്തേണ്ടതുണ്ട്. കൊവിഡ് അടച്ചുപൂട്ടലുകളും സാമൂഹിക നിയന്ത്രണങ്ങളും ഏറെ ബാധിച്ചതും വയോജനങ്ങളെയാണ്. ശരിയായ
വ്യായാമവും ഭക്ഷണശീലങ്ങളും ഉറക്കവും വാർദ്ധക്യത്തിന്റെ
അസ്വസ്ഥതകളെ അതിജീവിക്കാൻ സഹായിക്കുന്നു. വായനയും ഇഷ്ടവിനോദങ്ങളും വാർദ്ധക്യത്തെ ആസ്വാദ്യകരമാക്കിത്തീർക്കുന്നു.

ഐക്യരാഷ്ട്ര സംഘടന 1999 വയോജനവർഷമായി പ്രഖ്യാപിച്ചതോടെ വയോജന ക്ഷേമപദ്ധതികൾ ത്വരിതഗതിയിലായി. 2007 ൽ നിലവിൽ വന്ന മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനക്ഷേമനിയമം, 2011 ൽ നിലവിൽ വന്ന മുതിർന്ന പൗരന്മാരുടെ ദേശീയനയം, സംസ്ഥാന വയോജന നയം 2013 എന്നിവ അവയിൽ ചിലതാണ്.
സർക്കാരുകൾ നൽകുന്ന തുച്ഛമായ ക്ഷേമപെൻഷനുകൾക്കപ്പുറം , മുഖ്യധാരയിൽ നിന്നകന്ന് നിൽക്കുന്ന വയോജനങ്ങളുടെ പ്രശ്നങ്ങളിൽ ക്രിയാത്മകവും സജീവവുമായ ഇടപെടലുകളില്ല.

ചില മാർഗങ്ങൾ

 ജോലിക്കു പോകുന്ന ആളുകളുടെ വീടുകളിലുള്ള
പ്രായമായവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന പകൽവീടുകൾ സജ്ജമാക്കുക. ഇവ അംഗനവാടികളോടു ചേർന്നു നിർമ്മിക്കാം. കുട്ടികൾക്കൊപ്പം സമയം ചെലവിടാനും സമപ്രായത്തിലുള്ളവരെ കണ്ടുമുട്ടാനും
ഇത് അവസരമൊരുക്കുന്നു.
 കൂടുതൽ വയോജനക്കൂട്ടായ്മകളും സൗഹൃദസദസുകളും രൂപീകരിക്കുക.
 വയോജനങ്ങളുടെ അറിവ് പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന സമഗ്രപദ്ധതികൾ വിഭാവനം ചെയ്യുക.


(ഡോ. സന്ധ്യ ആർ.എസ്, കേരള
സർവകലാശാല സോഷ്യോളജി വിഭാഗം പ്രൊഫസറും

നിത ജി. നായർ, മഹാത്മാഗാന്ധി സർവകലാശാല IUCSSRE ഗവേഷക വിദ്യാർത്ഥിനിയുമാണ്. )