toilet

ന്യൂയോർക്ക്: ഒരു ടോയ്‌ലറ്റ് നിർമ്മിക്കാൻ എത്രരൂപ ചെലവാകും? മികച്ച സൗകര്യങ്ങൾ ഉളളതാണെങ്കിൽ ഒന്നോ രണ്ടോ ലക്ഷം രൂപ . അപ്പോൾ 170 കോടി രൂപ മുടക്കി ഒരു ടോയ്‌ലറ്റ് നിർമ്മിച്ചാൽ എങ്ങനെയിരിക്കും? നാസയാണ് കോടികൾ മുടക്കി ടോയ്‌ലറ്റ് നിർമ്മിക്കുന്നത്. ഭൂമിയിലെ ഉപയോഗത്തിനല്ല. ബഹിരാകാശ യാത്രക്കാർക്കുവേണ്ടിയാണ് ഇതൊരുക്കുന്നത്. നാളെ വെർജീനിയയിലെ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ബഹിരാകാശ യാത്രികർക്കുവേണ്ടിയുളള അവശ്യവസ്തുക്കളുമായി യാത്ര തിരിക്കുന്ന ബഹിരാകാശ വാഹനമായിരിക്കും പുതിയ ടോയ്‌ലറ്റ് സംവിധാനം അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലെത്തെത്തിക്കുക. യൂണിവേഴ്‌സൽ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നാണ് ടോയ്‌‌ലറ്റ് സംവിധാനത്തിന് നൽകിയിരിക്കുന്ന പേര്.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുളള ഒട്ടേറെ ദൗത്യങ്ങൾ നാസ ഉൾപ്പടെ പ്ളാൻചെയ്യുന്നുണ്ട്. ഈ പദ്ധതികൾക്ക് യൂണിവേഴ്‌സൽ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗപ്പെടുത്താനാവുമോ എന്നുപരിശോധിക്കാനും വിക്ഷേപണത്തിലൂടെ നാസ ലക്ഷ്യമിടുന്നുണ്ട്. കുറച്ചുകാലം മാത്രം നീണ്ടുനിൽക്കുന്ന പദ്ധതികൾക്ക് ഈ ടോയ്‌ലറ്റിന്റെ ആവശ്യം വരില്ലെന്നാണ് കരുതുന്നത്.

നിലവിൽ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് സംവിധാനത്തെക്കാൾ 65 ശതമാനം ചെറുതും 40 ശതമാനം ഭാരക്കുറവുള്ളതുമാണ് പുതിയ സംവിധാനം. കൂടുതൽ ബഹിരാകാശ യാത്രികർക്ക് ഇത് പ്രയോജനപ്പെടുത്താനും കഴിയും. യൂണിവേഴ്‌സൽ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ റീ സൈക്ളിംഗ് സംവിധാനമുണ്ട്. ഇതിലൂടെ മാലിന്യ നിർമാർജനം എന്ന പ്രശ്നം കുറയ്ക്കാൻ കഴിയും. ബഹിരാകാശയാത്രികരുടെ വിയർപ്പ്, മൂത്രം തുടങ്ങി ദ്രവരൂപത്തിലുള്ള എല്ലാം റീ സൈക്കിൾ ചെയ്യാവുന്ന വിധത്തിലാണ് പുത്തൻ സംവിധാനം.