chat

സോഷ്യൽ മീഡിയകളിൽ ഒരുപാട് ഫേക്ക് അക്കൗണ്ടുകൾ ഉണ്ട്. തമ്മിൽ കണ്ടില്ലെങ്കിലും, ഒരു പരിചയമില്ലെങ്കിലും നിരവധി പ്രണയങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഉടലെടുക്കുന്നു. സ്വന്തം ഭാര്യയോടോ കാമുകിയോടോ (ഭർത്താവിനോടോ, കാമുകനോടോ) സംസാരിക്കാൻ പോലും സമയമില്ലാത്തവർ പലപ്പോഴും 'കാണാത്ത സുന്ദരിയോടോ, സുന്ദരനോടോ' തിരക്കുകളെല്ലാം മാറ്റിവച്ച് ചാറ്റ് ചെയ്യുന്നു. അത്തരത്തിലൊരു സ്ത്രീയുടെ കാമുകനെക്കുറിച്ച് സൈക്കോളജിസ്റ്റ് കല മോഹൻ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എഴുതിക്കോ ന്ന് പറഞ്ഞാൽ എഴുതും.. സാഹിത്യം ഒന്നും അല്ലല്ലോ..

രണ്ടു കൂട്ടുകാർക്ക് ഇടയിൽ കൂട്ടുകാരിയുടെ കാമുകൻ എന്നുമൊരു വില്ലൻ ആയിരുന്നു . രണ്ടു കൂട്ടുകാരിൽ ഒരാൾ, പുരുഷൻ ആണേ..

കൂട്ടുകാരിയുടെ കാമുകൻ Mr. സീരിയസ് ആണെന്നാണ് അവളുടെ വാദം.. തിരക്കുകളിൽ നിന്നും തിരക്കുകളിലേയ്ക്ക് ഓടി കൊണ്ട് ഇരിക്കുന്നവൻ.. എപ്പോ വിളിച്ചാലും, ഫോൺ കിട്ടില്ല... തിരക്കാണെന്ന്..

നിന്റെ മെസേജിന് ഒരു മറുപടി തരാൻ, നിന്നെ ഒന്ന് വിളിക്കാൻ അവനു എത്ര നേരം വേണം.. കൂട്ടുകാരൻ ചൂട് പിടിപ്പിക്കാൻ നോക്കിയാലൊന്നും ഏൽക്കില്ല..

പോടാ അവ്ടെന്നു, അവനെ നിന്നെ പോലെ തെക്കു വടക്ക് നടക്കുവല്ല !!

ഒരീസം, കൂട്ടുകാരൻ ഒരു ഫേക്ക് ഐഡി ഉണ്ടാക്കുന്നു.. ഏറ്റവും മികച്ച പ്രൊഫൈൽ.. സുന്ദരി ആയ സ്ത്രീ... കാമുകന് റിക്വസ്റ്റ് കൊടുക്കുന്നു..

ഒരാഴ്ച്ച കൊണ്ട്, കാമുകിക്ക് അവരുടെ chat കാണിച്ചു..

തന്നോടു മിണ്ടാൻ സമയമില്ലാത്ത കാമുകൻ കുനു കുന കുറുകുന്നു.. പഞ്ചാര വഴങ്ങാത്ത ടിയാൻ, ഒലിപ്പീരു തന്നെ ഒലിപ്പീരു.. സഹതാപം കാണിക്കാൻ പോലും സൗകര്യം ഇല്ലാത്ത ബാബു ആന്റണി യ്ക്ക് ഭീമൻ രഘുവിൽ ഉണ്ടായ, കാമുകന്റെ കഠിന ഹൃദയത്തിൽ നിന്നും വീഴുന്ന തേൻ തുള്ളികൾ കണ്ടു കാമുകിടെ കണ്ണ് തള്ളി.. എന്ത് സങ്കടം ഉണ്ടേലും പറഞ്ഞോളൂ...

അത് മാത്രമല്ല, കാമുകന്റെ അച്ഛന്റെ സൂപ്പർ മാർകെറ്റില് വന്നു, ഈ ധാനാശീലൻ ഉള്ളപ്പോൾ ആവശ്യത്തിന് സാധനങ്ങൾ വാങ്ങിക്കോ എന്നും..

പ്രിത്വിരാജ് ഏതോ സിനിമയിൽ പറഞ്ഞ ഡയലോഗ് പോലെ, വളച്ചു കഴിഞ്ഞാൽ ത്രില്ല് പോയ്‌.. കാമുകി തന്റെ അവസ്ഥയെ അങ്ങനെ അങ്ങ് കരുതുന്നു ഇപ്പോൾ.. എന്തായാലും ഓള് മിടുക്കിയാണ്.. അതോടെ ഊരി ആ പ്രേമത്തിൽ നിന്നും..

ഉടക്കമില്ല, പിണക്കവുമില്ല.. ഉള്ളത് പറഞ്ഞു പിരിഞ്ഞു.. കാമുകന് കുലുക്കവുമില്ല.. അല്ലേലും ഓൻ എന്ത് പറയാൻ...

കൂട്ടുകാരൻ എന്തായാലും ഫേക്ക് ഐഡി ഉപേക്ഷിച്ചു... കൂട്ടുകാരിയെ നല്ലൊരുത്തന്റെ കയ്യിൽ ഏൽപ്പിച്ചു കൊടുക്കാൻ ശ്രമിക്കുന്നു..

"" ഫേക്ക് ഐഡി വിട്ടത്, പേടിച്ചാണ്.. ആ ദിവസം, അവനു ഒരു തരം ഭ്രാന്ത് ആയിരുന്നു.. എവിടെ ആണേലും നിന്നെ ഞാനിന്ന് കാണും ചക്കരെ എന്നും പറഞ്ഞു ബഹളം..

കന്യകനായ "" അവന്റെ ഭയം ഊഹിക്കാമല്ലോ... കൂട്ടുകാരി പറഞ്ഞു ചിരിച്ചു...

( കന്യകയ്ക്ക് പുല്ലിംഗം ഇല്ലല്ലോ, ഞാനൊന്ന് ഇട്ടന്നെ ഉള്ളു )

കൂട്ടുകാരനും കാമുകിയും ഇതു പറഞ്ഞപ്പോൾ ഞാൻ ഓർത്തു..

കാമുകൻ അടുത്ത ഫേക്ക് ഐഡിയിൽ വീണിട്ടുണ്ടാകും.. ഉറപ്പല്ലേ..

ജീവനില്ലാത്ത സംസാരങ്ങളും ഭാവങ്ങളും ആയാലും അവർക്ക് പുതുമ മാത്രം മതി.. പാല്പായസവും, പാഷാണവും ഒരേ പോലെ.. ഒരു നിമിഷം മാത്രം മതി.. ഒരു ഞൊടി നേരം കൊണ്ട് അവർക്ക് കളയാനും മറക്കാനും പറ്റും.. സ്നേഹിച്ചിട്ടില്ലല്ലോ.. അഭിനയം ആയിരുന്നില്ലേ.. സ്നേഹം ഉണ്ടേൽ സമയം ഉണ്ട്.. നീ സുഖമായി ഇരിക്കുന്നോ എന്നൊരു സ്നേഹമുള്ള വാക്കിന് തന്നെ എന്തൊരു കരുതലാണ് അല്ലെ !

കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്