just-room-island

ഒരൊറ്റ വീടും കുഞ്ഞു മരവും ചേർന്ന ഒരു ദ്വീപിനെ പറ്രി കേട്ടിട്ടുണ്ടോ?​ ജസ്റ്റ് റൂം ഇനഫ് എന്നാണ് ദ്വീപിന്റെ പേര്.​ പേരുപോലെ തന്നെ കൗതുകകരമാണ് ഇവിടം. ദ്വീപിൽ നിന്നും വെള്ളത്തിലേയ്ക്കുള്ള ദൂരം വെറും പത്തടി മാത്രമാണ്. ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. അമേരിക്കയിലെ ന്യൂയോർക്കിൽ അലക്സാഡ്രിയ ബേയോട് ചേർന്നാണ് ഈ കു‍ഞ്ഞൻ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വെള്ളത്തിൽ ഒരു പൊട്ടുപോലെ കാണുന്ന ഈ ദ്വീപിന് ഏറിയാൽ ഒരു ടെന്നീസ് കോർട്ടിന്റെ വലിപ്പം മാത്രമേയുള്ളു.

വളരെ ചെറിയ ഒരു വീടും അതിനോട് ചേർന്നുള്ള ഒരൊറ്റ മരവും മാത്രമാണ് ഇവിടെയുള്ളത്. ആ വീടിനാവട്ടെ ഒരു മുറി മാത്രമാണുള്ളത്. ആ വീടിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന ദ്വീപെന്നും ഈ ദ്വീപിനെ വിളിക്കാം. ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആയിരക്കണക്കിനു ദ്വീപുകളിൽ ഒന്നാണിത്. 3,300 ചതുരശ്ര അടി മാത്രമാണ് ഈ ദ്വീപിന്റെ വലുപ്പം. അതായത് ഒരേക്കർ സ്ഥലത്തിന്റെ 13ൽ ഒരു ഭാഗം മാത്രം.

ബിഷപ്പ് റോക്ക് എന്ന ദ്വീപായിരുന്നു ലോകത്തിലെ ആൾവാസമുള്ള ഏറ്റവും ചെറിയ ദ്വീപ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആ ബഹുമതിയും ഗിന്നസ് ബുക്ക് റെക്കാഡുമെല്ലാം ജസ്റ്റ് റൂം ഇനഫിന് സ്വന്തമാണ്. ബിഷപ്പ് റോക്ക് ദ്വീപിന്റെ പകുതി വലുപ്പം മാത്രമേ ജസ്റ്റ് റൂം ഇനഫിനുള്ളൂ. ഹബ് ഐലന്റ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെ‌ട്ടിരുന്നത്.

പിന്നീട്, 1950 കളിൽ ഇതിന് സൈസ് ലാന്റ് എന്ന പേരു വന്നു. അക്കാലത്തെ സമ്പന്ന കുടുംബങ്ങളിലൊന്നായ സൈസ് ലാന്റ് കുടുംബം ഈ ദ്വീപ് വാങ്ങിയതിനെ തുടർന്നാണ് ആ പേരുവന്നത്. പിന്നീട് ഈ കുടുംബത്തിലെ ഒരാൾ ഇവി‌ടെ ഇന്നു കാണുന്ന ഒറ്റമുറി വീട് നിർമ്മിക്കുകയും അതിനടുത്തായി ഒരു മരം വയ്ക്കുകയും ചെയ്തു. പിന്നീട് ഇവർ തന്നെയാണ് ദ്വീപിന് ജസ്റ്റ് റൂം ഇനഫ് എന്ന പേരും നല്കിയത്. നിലവിൽ സഞ്ചാരികളുടെ പ്രിയപ്പെ‌ട്ട ഇടമായി ഇവിടം മാറിയിട്ടുണ്ട്. ന്യൂയോർക്കിനെ ഒന്റാറിയോയിൽ നിന്ന് വിഭജിക്കുന്ന സെന്റ് ലോറൻസ് നദിയിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ 1864 ദ്വീപുകളിലൊന്നാണ് ജസ്റ്റ് റൂം ഇനഫ്. ഹാർട്ട് ഐലന്റിനും ഇമ്പീരിയൽ ഐലന്റിനും ഇടയിലായാണ് ഇതുള്ളത്.