barcelona

മാഡ്രിഡ്: പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് കീഴിൽ സ്പാനിഷ് ലാ ലിഗയിലെ ആദ്യ മത്സരത്തിനിറങ്ങിയ മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് തകർപ്പൻ വിജയം. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് വിയ്യാറയലിനെയാണ് കീഴടക്കിത്. ബാഴ്സലോണയ്ക്കായി യുവതാരം അൻസു ഫട്ടി രണ്ട് ഗോളുകൾ നേടിയപ്പോൾ മെസി പെനാൽറ്റിയിൽ നിന്ന് സ്കോർ ചെയ്തു. വിയ്യാറയൽ താരം പാവു ടോറസിന്റെ സെൽഫ് ഗോളാണ് ബാഴ്സയുടെ പട്ടിക പൂർത്തിയാക്കിയത്.

15-ാം മിനിട്ടിൽ ജോർഡി ആൽബയുടെ പാസിൽ നിന്നാണ് അൻസു ഫട്ടി ആദ്യ ഗോൾ നേടിയത്. നാലുമിനിട്ടിനകം ഫിലിപ്പ് കുടീഞ്ഞോയുടെ പാസിൽ നിന്ന് അടുത്തഗോളും വിയ്യാറയലിന്റെ വലയിലെത്തിച്ചു.35-ാം മിനിട്ടിൽ അൻസു ഫട്ടിയെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് മെസി ഗോളാക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് മെസിയുടെ ഒരു ക്രോസ് ക്ളിയർ ചെയ്യുന്നതിന് ശ്രമിക്കുന്നതിനിടെ പാവു ടോറസ് സെൽഫ് ഗോളടിച്ചത്. രണ്ടാം പകുതിയിലെ ബാഴ്സയുടെ നിരവധി ശ്രമങ്ങൾ വിയ്യാറയൽ ഗോളി തടുത്തു