ഫിലാഡൽഫിയ: ഒരു പൂച്ചയുടെ ഭാരം 13.6 കിലോഗ്രാം. പൊണ്ണത്തടികാരണം നടക്കാനാേ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലായ പൂച്ചയെ ഫിലാഡൽഫിയയ്ക്ക് സമീപത്തെ ഒരു തെരുവിൽ നിന്ന് ഈമാസം ഇരുപതിനാണ് മൃഗ സംരക്ഷകർക്ക് ലഭിച്ചത്. അമിത ഭാരം കാരണം ഉടമ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഉടമയെ കണ്ടെത്താനുളള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.അതോടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നിയന്ത്രണമില്ളാതെ ഭക്ഷണം കൊടുത്തതുകൊണ്ടാകാം പൊണ്ണത്തടി ഉണ്ടായതെന്നാണ് കരുതുന്നത്. ജീവന് പ്രശ്നമുണ്ടാകാതിരിക്കാനുളള നടപടികളും തുടങ്ങി.പൂച്ചയ്ക്ക് ലസാഗ്ന എന്ന പേരും നൽകി.
സംരക്ഷണ കേന്ദ്രത്തിൽ കൂടുതൽക്കാലം താമസിപ്പിക്കാൻ കഴിയാത്തതിനാൽ താത്പര്യമുളളവരെ വളർത്താൻ ഏൽപ്പിക്കാനായിരുന്നു മൃഗസംരക്ഷകരുടെ പദ്ധതി. ഇതിനായി പൂച്ചയുടെ ചിത്രവും വീഡിയോയും അവർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. നിരവധിപേർ എത്തിയെങ്കിലും പൂച്ചയുടെ സൈസുകണ്ടതോടെ അവരെല്ലാവരും പിന്മാറി. പലരും പേടിച്ചാണ് പിന്മാറിയത്. അന്വേഷണം വീണ്ടും തുടർന്നു. ഒടുവിൽ പൂച്ചയെ ദത്തെടുക്കാൻ താത്പര്യപ്പെട്ട് ഒരാൾ എത്തി. ലസാഗ്നയെ നേരിട്ട് കണ്ടതോടെ അയാൾക്ക് നന്നായി ബോധിച്ചു. പൂച്ചയെ ഉടൻതന്നെ കൈമാറുകയും ചെയ്തു.
വിദഗ്ദ്ധനായ ഒരു മൃഗഡോക്ടറുടെ സഹായത്തോടെ ലസാഗ്നയുടെ തടികുറച്ച് ചുറുചുറുക്കുളള ഒരു കിടിലം പൂച്ചയാക്കാനുളള ശ്രമത്തിലാണിപ്പോൾ. മൃഗങ്ങളുടെ ജീവന് അപകടമുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ അവയെ തീറ്റിപ്പോറ്റുന്നത് അമേരിക്കയിൽ ശിക്ഷാർഹമായ കുറ്റമാണ്.