ഓർമ്മയുടെ പേടകം മസ്തിഷ്കമോ ഹൃദയമോ? തലച്ചോറിന്റെ രഹസ്യമുറങ്ങുന്ന അടരുകൾക്കപ്പുറത്ത് ഓർമ്മകൾക്ക് അസ്തിത്വമുണ്ടെന്ന് ന്യൂറോളജിസ്റ്റുകൾ സമ്മതിച്ചുതരില്ല. പക്ഷേ, ലോകമെങ്ങും നിന്ന് അത്തരം അമ്പരപ്പിക്കുന്ന അനുഭവ വിവരണങ്ങളുണ്ട്. മനുഷ്യശരീരത്തിലെ ഓരോ കോശത്തിനും സ്വന്തം സ്മൃതിമണ്ഡലമുണ്ട് (സെല്ലുലാർ മെമ്മറി). ഒരു പ്രത്യേകതരം ഉദ്ദീപനത്തോട് പ്രതികരിക്കുന്ന കോശങ്ങൾ, എല്ലാക്കാലത്തും അതേ ഉദ്ദീപനമുണ്ടാക്കുന്ന അനുഭവങ്ങളോട് സമാനമായ വിധത്തിൽ പ്രതികരിക്കുമെന്നതാണ് സെല്ലുലാർ മെമ്മറിയുടെ അടിസ്ഥാന തത്വം.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരിലെ ഇത്തരം അനുഭവങ്ങൾ പല രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദാതാവിന് ഇഷ്ടമുണ്ടായിരുന്ന ഭക്ഷണത്തോട് പ്രതിപത്തി തോന്നുക, സ്വഭാവത്തിലെ ചില സവിശേഷതകൾ പകർത്തപ്പെടുക, ദാതാവിന്റെ അനുഭവങ്ങളോട് സാമ്യമുള്ള അനുഭവങ്ങളുടെ സാഹചര്യത്തിൽ സ്വീകർത്താവിന്റെ ശരീരം അതേ മട്ടിൽ പ്രതികരിക്കുക എന്നിവയൊക്കെ അവിശ്വസനീയമാം വിധം അസാധാരണങ്ങളാണ്. തെളിവുകളില്ലെന്ന് വൈദ്യശാസ്ത്രം തള്ളിപ്പറയുമ്പോഴും ഉത്തരമില്ലാത്ത പ്രഹേളിക പോലെ കോശസ്മൃതി എന്ന അദ്ഭുതം അനുഭവങ്ങളിലൂടെ നിലനിൽക്കുന്നു.
മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികളുടെയും ഓർമ്മ തലച്ചോറിലാണ്.മസ്തിഷ്ക കോശങ്ങളായ ന്യൂറോണുകൾ ആണ് ഓർമ്മകളുടെ ഇരിപ്പിടം. ന്യൂറോണുകകളിലാണ് ഓർമ്മകൾ രേഖപ്പെടുത്തുന്നതും സൂക്ഷിക്കുന്നതും. ആവശ്യമുള്ളപ്പോഴൊക്കെ ആ ഓർമ്മകൾ ഓർമ്മിച്ചെടുക്കുന്നതും ന്യൂറോണുകളിൽ നിന്നാണ്.
എന്നാൽ മസ്തിഷ്ക്കത്തിനു പുറത്ത് ശരീരത്തിന്റെ മറ്റ് കോശങ്ങളും ഓർമ്മകൾ സൂക്ഷിക്കുമെന്ന ഒരു നിഗമനം ഉണ്ട്. ഓർമ്മകൾ മാത്രമല്ല, വ്യക്തിപരമായ സ്വഭാവ സവിശേഷതകളും ശരീര കോശങ്ങളിൽ സൂക്ഷിക്കുമത്രേ. ഇതിനെയാണ് സെല്ലുലാർ മെമ്മറി അഥവാ കോശ സ്മരണ എന്ന് പറയുന്നത്. ശരീരത്തിന് മൊത്തം ഈ കഴിവുണ്ടന്നും ( ബോഡി മെമ്മറി ) വാദമുണ്ട്.
കോശങ്ങളുടെ ഓർമ്മകൾ നീണ്ടു നിൽക്കുമെന്നും ബോധമനസ് മറന്നു പോയ കാര്യങ്ങൾ പോലും ശരീരം കോശങ്ങളുടെ തലത്തിൽ വരെ ഓർമ്മിച്ചു വയ്ക്കുമെന്നും ഇക്കൂട്ടർ പറയുന്നു. ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. മാത്രമല്ല. ഇത് അസംഭവ്യവുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
എന്നാൽ മനുഷ്യന് ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളും, അവ എത്ര ചെറുതായാലും അവ തലച്ചോറിൽ മാത്രമല്ല, ശരീരത്തിലെ എല്ലാ കോശങ്ങളിലും എത്തുമെന്നും ആ അനുഭവത്തിന് ശേഷം അതിന്റെ കൈയൊപ്പ് എല്ലാ കോശങ്ങളിലും ശേഷിക്കുമെന്നും ആണ് വാദം. അതിനാലാണ് മനുഷ്യ ശരീരത്തിന് ചില കാര്യങ്ങൾ സ്വമേധയാ ചെയ്യാൻ കഴിയുന്നതെന്ന് അമേരിക്കൻ ബയോളജിസ്റ്റായ പീറ്റർ ലെവിൻ പറയുന്നു.
തെളിവുകൾ ഇല്ലെങ്കിലും ബോഡി മെമ്മറി പല വിധത്തിൽ ഉണ്ടാവാമെന്ന് ഗവേഷകർ പറയുന്നു. കായികമായ ഒരു പ്രവൃത്തി നിരന്തരം ചെയ്യുമ്പോഴും, ആഘാതമുണ്ടാക്കിയ ഒരു സംഭവത്തോടുള്ള പ്രതികരണവുമൊക്കെ ഇതിന് കാരണമാകാം. ജീവന് ഭീഷണിയാകുന്ന ഒരാക്രമണം, ലൈംഗിക അതിക്രമം, യുദ്ധം തുടങ്ങിയവ ആഘാതമുണ്ടാക്കുന്ന ഓർമ്മകൾ സൃഷ്ടിക്കും. അതെല്ലാം ശരീരത്തിന് തീവ്രമായ അനുഭവങ്ങളാകും.
ലൈംഗികാതിക്രമത്തിന്റെ ഓർമ്മകൾ ശരീരത്തിന്റെ പ്രതികരണങ്ങളായി രേഖപ്പെടുത്തപ്പെടും. പിൽക്കാലത്ത് ശരീരത്തിലുണ്ടാകുന്ന ഇന്ദ്രിയാനുഭവങ്ങൾ ആ ഓർമ്മകൾ ഉണർത്തും.അപ്പോൾ ഈ ഓർമ്മകളെല്ലാം ശരീരവുമായി ബന്ധപ്പെട്ടതാണ്.
അവയവം മാറ്റി വച്ചവരിൽ സെല്ലുലാർ ഓർമ്മകൾ ഉണ്ടെന്നും പറയപ്പെടുന്നു. അവരിൽ പുതിയ ഓർമ്മകളും ചിന്തകളും വികാരങ്ങളും ഒക്കെ രൂപപ്പെടാം.അത് അവയവം മാറ്റിവച്ചതിനെ പറ്റിയുള്ള ഉൽക്കണ്ഠകളിൽ നിന്നാവാം. പുതിയ അവയവത്തെ ശരീരം തിരസ്കരിക്കാതിരിക്കാൻ പ്രതിരോധ വ്യവസ്ഥയെ മരവിപ്പിക്കുന്നതിന് നൽകുന്ന മരുന്നുകളുടെ ഫലമാവാം. ഈ ഓർമ്മകളെല്ലാം മസ്തിഷ്കത്തിന് പുറത്തുള്ള കോശങ്ങളിൽ സൂക്ഷിച്ചു വയ്ക്കപ്പെടും എന്ന നിഗമനം ഉണ്ട്. ഇതിന് ശാസ്ത്രീയമായ പിൻബലം ഇല്ലെന്നിരിക്കെ, ഇത്തരം ഓർമ്മകളും മസ്തിഷ്ക കോശങ്ങളിൽ തന്നെ സൂക്ഷിച്ച് വയ്ക്കാനാണ് സാദ്ധ്യതയെന്നും ശാസ്ത്രജ്ഞർ പറയുന്നു.
എന്നാൽ ചിലതരം ജീവികൾക്ക് സെല്ലുലാർ മെമ്മറി ഉണ്ടെന്നതിന് തെളിവ് നിരത്തുന്നുമുണ്ട്. തലയും തലച്ചോറും നീക്കം ചെയ്ത നാടവിരകളെ പരിശീലിപ്പിക്കാൻ കഴിയുമെന്ന് അമേരിക്കയിലെ ടഫ്റ്റ്സ് സർവകലാശാലയിലെ ഗവേഷകർ തെളിയിച്ചു. ഈ വിരയുടെ 279ൽ ഒരംശത്തിൽ നിന്ന് ആഴ്ചകൾക്കുള്ളിൽ ഒരു പൂർണ വിരയെ വളർത്തിയെടുക്കാനും പ്രകാശത്തിന്റെയും ഭക്ഷണത്തിന്റെയും നേർക്ക് ചലിക്കാൻ പരിശീലിപ്പിക്കക്കാനും കഴിഞ്ഞു. ഇത് ശരീരത്തിന്റെ മറ്റ് കോശങ്ങളിൽ ഓർമ്മകൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്നതിന്റെ തെളിവാണത്രേ. മനുഷ്യനിൽ ഈ സാദ്ധ്യത തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.