panda-dog

ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടില്ലേ?​ എന്നാൽ, അതുപോലെയല്ല ഇത്. സംഗതി വേറെ. പട്ടിയെ പാണ്ടയാക്കുന്ന വിദ്യ. ഇത് കണ്ടുപിടിച്ചത് അങ്ങ് ചൈനയിലും. കാൻഡി പ്ലാനറ്റ് പെറ്റ് കഫേയിൽ 1,​500 യുവാൻ,​ അതായത് ഏകദേശം 15,​000 രൂപ നൽകിയാൽ വളർത്തു നായയെ ഒരു പാണ്ടയായി തിരിച്ച് നൽകും. ചൈനാക്കാരുടെ പ്രിയപ്പെട്ട മ‌ൃഗമാണ് പാണ്ട. ഈ പാണ്ടപ്രേമം കൊണ്ടു തന്നെയാണ് അവർ നായ്ക്കൾക്ക് പാണ്ടയുടെ പരിവേഷം നൽകാൻ തീരുമാനിച്ചതും.

കറുപ്പും വെളുപ്പും നിറം ഉപയോഗിച്ച് ചായം പൂശിയാണ് അവ‍ർ നായയെ പാണ്ടയാക്കുന്നത്. സിഹുവാൻ പ്രവിശ്യയിലെ ചെംഗ്ഡു നഗരത്തിലാണ് ഈ കഫെ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഉടമ ലു യുന്നിംഗ് തന്റെ ആറ് ചൗ ചൗ നായ്ക്കുട്ടികൾക്ക് പാണ്ടകളെപ്പോലെ ചായം പൂശി അതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഈ സ്ഥാപനം ഹിറ്റായത്.

ചൈനയിൽ ധാരാളം ഡോഗ് കഫേ, ക്യാറ്റ് കഫേ,​ റാക്കൂൺ കഫേ, അൽപാക്ക കഫേ, ഡക്ക് കഫേ എന്നിവയുണ്ട്. തന്റെ കഫെയിൽ പ്രതിദിനം 70 മുതൽ 80 ഉപഭോക്താക്കൾ വരെ വരാറുണ്ടെന്ന് 21കാരനായ ലു പറയുന്നു. ചായം പൂശിയ നായ്ക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആളുകൾ പോസ്റ്റ് ചെയുന്നതിനനുസരിച്ച് കടയിലെ തിരക്കും വർദ്ധിച്ചിരുന്നു. ലുവിന്റെ നായ്ക്കളുമായി ചേർന്ന് ചിത്രമെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വയ്ക്കുന്നവരും കുറവല്ല. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ചായങ്ങളുപയോഗിച്ച് രൂപമാറ്റം വരുത്തുന്നതിനാൽ

ഇത് നായ്ക്കളെ ദോഷകരമായി ബാധിക്കില്ലെന്നാണ് കഫേ ഉടമകൾ വ്യക്തമാക്കുന്നത്.

കാൻഡി പ്ലാനറ്റ് പെറ്റ് കഫേ ഉപഭോക്താക്കൾക്ക് ലോൺട്രി, ഹോട്ടൽ സേവനങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായുള്ള ഗ്രൂപ്പായ 'പെറ്റ', നായ്കളെ പാണ്ടയാക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ്. കെമിക്കൽ ഡൈ നായ്ക്കളുടെ രോമങ്ങളിൽ പൂശുന്നത് നല്ലതല്ല എന്നും, അവരുടെ ചർമ്മം, മൂക്ക്, കണ്ണുകൾ എന്നിവയിൽ ഇത് അലർജിയുണ്ടാക്കാം എന്നുമാണ് 'പെറ്റ' പ്രവർത്തകർ പറയുന്നത്.