motel

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ ജനപ്രിയ ഹോട്ടലുകളായ മോട്ടൽ ആരാമത്തിന്റെ പുതിയൊരു സെന്റർ ജില്ലയിൽ ആരംഭിക്കുന്നു. മലയോര മേഖലയിൽ സ്ഥിതിചെയ്യുന്ന ടൂറിസം കേന്ദ്രങ്ങളായ പൊന്മുടി, തെന്മല എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടാണ് നെടുമങ്ങാടിന് സമീപം വാളിക്കോട് ആണ് മോട്ടൽ ആരാമം സ്ഥാപിക്കുന്നത്.

1.53 ഏക്കർ,​ 9.61 കോടി

വഴയില- നെടുമങ്ങാട് റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാളിക്കോട് മോട്ടൽ ആരാമം സ്ഥാപിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്. 21 മീറ്രറിൽ ആണ് റോഡ് നാലുവരിയാക്കുന്നത്. ജലസേചന വകുപ്പിന് വാളിക്കോടുള്ള 1.53 ഏക്കറിൽ പാരമ്പര്യത്തനിമ നിലനിറുത്തിയാണ് മോട്ടൽ ആരാമം സ്ഥാപിക്കുക. ഇതിന് സമീപത്തായി ആധുനിക രീതിയിലുള്ള കൺവെൻഷൻ സെന്ററും നിർമ്മിക്കും. പദ്ധതിക്ക് ഭരണാനുമതി നൽകിയ സർക്കാർ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ (കെ.ടി.ഇ.എൽ)​ നോഡൽ ഏജൻസിയായി നിശ്ചയിച്ചു. മോട്ടൽ ആരാമത്തിനൊപ്പം നിർമ്മിക്കുന്ന കൺവെൻഷൻ സെന്ററും കെ.ടി.ഇ.എൽ തന്നെയാകും നിർമ്മിക്കുക. എത്രയും വേഗം പദ്ധതിയ്ക്ക് തറക്കല്ലിട്ട് രണ്ട് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാനസൗകര്യ വികസന ഫണ്ട് കൂടി ചെലവിട്ടാണ് നിർമ്മാണം.

ബിയർ പാർലറും കളിസ്ഥലവും

രണ്ട് നിലകളിലായാണ് മോട്ടൽ ആരാമം നിർമ്മിക്കുക. താഴത്തെ നിലയിൽ എല്ലാ മോട്ടലുകളെയും പോലെ ബിയർ പാർലർ ആയിരിക്കും. ഇവിടെ ഒരേസമയം 60 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകും. ഇതിനൊപ്പം ഡോർമെറ്ററി, അടുക്കള, വിശ്രമ മുറികൾ എന്നിവയും ഉണ്ടാകും. ഒന്നാംനിലയിലെ ഭക്ഷണമുറിയിൽ 100 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിനൊപ്പം കുട്ടികൾക്ക് കളിക്കാനും അതിഥികൾക്ക് താമസിക്കാനുള്ള മുറികളും നിർമ്മിക്കും.

സഞ്ചാരികളെ ആകർഷിക്കാനാകും
സംസ്ഥാനത്തെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കും തെന്മല ഇക്കോ ടൂറിസം മേഖലയിലേക്കും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് വരുന്ന വിനോദ സഞ്ചാരികൾക്ക് മോട്ടൽ ആരാമം അനുഗ്രഹമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മാത്രമല്ല ഐസർ അടക്കമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും തമിഴ്നാട്ടിലേക്കുമുള്ള യാത്രക്കാർക്കും ഇത് വലിയ തോതിൽ പ്രയോജനപ്പെടുത്താനാകും.