drisyam-2

വൻ വിജയമായ ദൃശ്യത്തിന് ആറ് വർഷങ്ങൾ കഴിഞ്ഞാണ് ചിത്രത്തിന് രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നത്. അതും കൊവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് . ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിന്റെ ഏറ്റവും സുപ്രധാനമായ നീക്കങ്ങളിലൊന്നാണു ദൃശ്യം 2 ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. ചിത്രം എന്നു റിലീസ് ചെയ്യാനാകും എന്ന് വ്യക്തതയില്ല.

'ഈ സിനിമയ്ക്കു ചെലവു കൂടും. കാരണം ഷൂട്ട് തുടങ്ങിയാല്‍ പിന്നെ പുതിയ ക്രെയിനുകളോ മറ്റോ വാടകയ്ക്കു കൊണ്ടുവരാനാകില്ല. അതു റിസ്‌കാണ്. എല്ലാം ആദ്യ ദിവസം മുതല്‍ വാടകയ്ക്ക് എടുത്തിടണം. പുറത്തുനിന്ന് ആരും കയറാതെ സെറ്റ് പൂര്‍ണമായും അടച്ചിടണം. ആദ്യ 10 ദിവസം ഷൂട്ട് ചെയ്ത ആള്‍ക്ക് അവസാന 10 ദിവസം വീണ്ടും സീന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ ദിവസവും കൂടെ താമസിപ്പിക്കുകയാണ്.

ഷൂട്ടിംഗ് ടീമിലുള്ള ഒരാള്‍ പുറത്തു പോയ ശേഷം വീണ്ടും തിരിച്ചുവരുന്നതു വലിയ റിസ്‌ക്കാണ്. സെറ്റിലെ എല്ലാവര്‍ക്കും പലതവണ കോവിഡ് ടെസ്റ്റ് വേണ്ടിവരും. ഇതെല്ലാം അറിഞ്ഞുകൊണ്ടു ഷൂട്ട് ചെയ്യുന്നത് ഇതു വിജയിക്കുമെന്ന ഉറപ്പിലാണ്'. ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

'ദൃശ്യത്തിലെ മിക്ക അഭിനേതാക്കളും രണ്ടാം ഭാഗത്തിലുമുണ്ട്. ഗണേശന്‍, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും ഇപ്പോള്‍ ചേരുന്നു. 60 ദിവസംകൊണ്ടു ഷൂട്ട് തീരുമെന്നാണു പ്രതീക്ഷ. എല്ലാ റിസ്‌കും എടുക്കുന്നതിനു കാരണം ഈ സിനിമയുടെ തിരക്കഥ നല്‍കിയ ശക്തിയാണ്. സിനിമ റിലീസ് ചെയ്ത് ആദ്യ ഷോ കഴിയുംവരെ മാത്രമേ ക്ലൈമാക്‌സ് ത്രില്ലുള്ളൂ. അതിനു ശേഷവും ആ ത്രില്‍ നിലനിര്‍ത്തുന്ന സിനിമ ഓടും. ദൃശ്യം 2 അത്തരം സിനിമയാണെന്നു ഞാന്‍ കരുതുന്നുവെന്നും' ആന്റണി പറഞ്ഞു.