kannur-international-airp

കണ്ണൂ‌‌‍‌ർ: കൊവിഡ് സർട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നൂറോളം യാത്രക്കാർക്ക് വിമാനയാത്ര നിഷേധിക്കപ്പെട്ടു. സ്വകാര്യ ലാബിന്റെ കൊവിഡ് പരിശോധന സർട്ടിഫിക്കറ്റിനെ ചൊല്ലിയുളള തർക്കം കാരണമാണ് രണ്ട് വിമാനത്താവളങ്ങളിൽ നിന്നും ദുബായിയിലേക്ക് യാത്ര ചെയ്യാനെത്തിയ നൂറോളം പേർക്ക് വിമാനക്കമ്പനികൾ യാത്ര നിഷേധിച്ചത്.

കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്. എയർ ഇന്ത്യയിൽ ടിക്കറ്റ് എടുത്തവരുടെ യാത്രയും മുടങ്ങി. മൈക്രോലാബിന്റെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായുള്ള യാത്ര അംഗീകരിക്കില്ലെന്ന് എയർ ഇന്ത്യ നിലപാടെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതു മൂലം നൂറോളം പേർക്ക് ഇന്ന് ദുബായിലേക്ക് യാത്ര ചെയ്യാനാവില്ല.

വൈകിട്ട് പുറപ്പെടാനുളള എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാർ വിമാത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. മൈക്രോ ഹെൽത്ത് ലാബിന്റെ വിലക്ക് മൂലം മംഗലാപുരം വിമാനത്താവളത്തിൽ നിന്നും കാസർകോട് സ്വദേശികളായ അമ്പതിലേറെപ്പേരെ മടക്കി അയച്ച വാർത്തയും പുറത്ത് വരുന്നുണ്ട്. ഉളിയത്തടുക്കയിലെ സ്വകാര്യ ലാബിന് മുന്നിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.

നേരത്തെ മെക്രോലാബ് ടെസ്റ്റ് സർട്ടിഫിക്കറ്റുമായി യാത്രചെയ്തയാൾക്ക് ദുബായിലെത്തിയപ്പോൾ രോഗം സ്ഥിരീകരിച്ചതോടെയാണ് വിലക്ക് നിലവിൽ വന്നത്. മൈക്രോ ഹെൽത്ത് ലാബ് സർട്ടിഫിക്കറ്റ് ദുബായ് വിലക്കിയത് യാത്രക്കാരെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നുവെന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്.