kapoor

ഇസ്ലാമാബാദ്: മുൻകാല ബോളിവുഡ് താരങ്ങളായ രാജ്​ കപൂറും ദിലീപ്​ കുമാറും ജനിച്ചുവളർന്ന വീടുകൾ പാകിസ്ഥാനിലെ ഖൈബർ പഖ്​തൂൻഖ്വ പ്രവിശ്യ ഭരണകൂടം ഏറ്റെടുക്കുന്നു. തകർച്ചയെ തുടർന്ന്​ പൊളിച്ചുമാറ്റൽ ഭീഷണി നേരിടുന്ന കെട്ടിടങ്ങൾ ഏറ്റെടുത്ത്​ ദേശീയ പൈതൃക കേന്ദ്രങ്ങളാക്കി മാറ്റാനാണ്​ തീരുമാനം. ചരിത്ര കെട്ടിടങ്ങളുടെ തുക കണക്കാക്കാൻ പെഷവാർ ഡെപ്യൂട്ടി കമീഷണർക്ക്​ ഔദ്യോഗികമായി അധികൃതർ കത്തയച്ചു. വിഭജനത്തിനുമുമ്പ്​ രാജ്​ കപൂറും ദിലീപ്​ കുമാറും ജനിച്ചുവളർന്നത്​ ഇപ്പോൾ പാകിസ്ഥാനിലുള്ള ഈ ബംഗ്ലാവുകളിലാണ്. രാജ്​ കപൂർ ജനിച്ചുവളർന്ന ബംഗ്ലാവായ 'കപൂർ ഹവേലി' പെഷവാറിലെ ഖ്വിസ ഖവ്​നി ബസാറിലാണ്​ സ്​ഥിതി ചെയ്യുന്നത്​. 1918നും 1922നും ഇടയിൽ​ രാജ്​ കപൂറിൻെറ പിതാവായ​ പൃഥിരാജ്​ കപൂറിൻെറ പിതാവ്​ ദേവൻ ബശേഷ്വർനാഥ്​ കപൂറാണ്​ ഈ ബംഗ്ലാവ്​ നിർമിച്ചത്​. രാജ്​ കപൂർ, ത്രിലോക്​ കപൂർ എന്നിവർ ജനിച്ചത്​ ഈ ബംഗ്ലാവിലായിരുന്നു. ദിലീപ്​ കുമാർ ജനിച്ചുവളർച്ച 100 വർഷം പഴക്കമുള്ള ബംഗ്ലാവും ഈ ​നഗരത്തിലാണ്​. ഈ ബംഗ്ലാവ്​ 2014ൽ ദേശീയ പൈതൃകമായി പ്രഖ്യാപിച്ചിരുന്നു.