
കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ചെങ്ങള സ്വദേശിയായ സിയാദ്, അബൂബക്കര്‍, ബാഷ എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുപത്തിരണ്ടുകാരിയെയാണ് മൂവര്‍ സംഘം തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്.
സിയാദ്, അബൂബക്കര്‍ എന്നിവർ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. പിടിയിലായ ബാഷ വ്യാപാരിയാണ്. പ്രതികള്‍ പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തെത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. പീഡിപ്പിച്ചതിന് ശേഷം പ്രതികളിലൊരാളായ സിയാദ് രാത്രി 9 മണിയോടെ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയും സംഘവും അന്വേഷണത്തിന് വീട്ടിലെത്തി. ഈ സമയത്താണ് സിയാദ് പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചത്. പൊലീസ് ഉള്ളത് അറിയാതെ പെണ്‍കുട്ടിയുമായെത്തിയ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. ബലമായി മദ്യം കഴിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.