മരുഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ലൈബ്രറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? രാജസ്ഥാനിലെ ജയ്സാൽമീറിലാണ് ഭൂമിക്കടിയിലെ വിസ്മയകരമായ ലൈബ്രറി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ ലൈബ്രറികളിൽ ഒന്നാണ് ജയ്സാൽമീറിലെ ഈ ലൈബ്രറി. ഥാർ മരുഭൂമിക്ക് താഴെ സ്ഥിതി ചെയ്യുന്ന ഈ ലൈബ്രറി എല്ലായ്പ്പോഴും സഞ്ചാരികൾക്ക് അത്ഭുതം സമ്മാനിക്കുന്ന ഒരിടമാണ്. ബദരിയ എന്ന ചെറുഗ്രാമത്തിലാണ് ഈ ലൈബ്രറി സ്ഥിതി ചെയ്യുന്നത്.
ഥാർ മരുഭൂമിയിൽ മണലിനു താഴെ, സമുദ്രനിരപ്പിൽ നിന്നും 16 അടി താഴ്ചയിലാണ് ലൈബ്രറിയുടെ സ്ഥാനം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നാണിത്. മരുഭൂമിക്കടിയിലാണെങ്കിലും ചൂട് ഇവിടെ ഒരു പ്രശ്നമേയല്ല. എത്ര കനത്ത വേനലിലും ഇവിടെ തണുപ്പനുഭവപ്പെടാറുണ്ടെന്നാണ് സഞ്ചാരികൾ പറയുന്നത്. ഈ ബ്രഹ്മാണ്ഡ ലൈബ്രറിയിൽ ഏകദേശം ഒമ്പത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്. ഒരേ സമയം നാലായിരം പേർക്ക് ഇതിനുള്ളിൽ ഇരിക്കുന്നതിനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
വളരെ വൃത്തിയിലും ഭംഗിയിലും ആണ് ഈ ലൈബ്രറി പ്രവർത്തിച്ചു പോരുന്നത്. ഓരോ വർഷവും ആറു മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ലൈബ്രറിയുടെ പരിപാലന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. വളരെ ആകർഷകവും മനോഹരവുമായ രീതിയിലാണ് ഈ ലൈബ്രറി സംരക്ഷിക്കുന്നത്. 562 ഗ്ലാസ് ഷെൽഫുകളിലായാണ് ഇവിടെ പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വളരെയേറെ പ്രയോജനകരമായ അനേകം പുസ്തകങ്ങൾ ഇവിടെയുണ്ട്.
ബദരിയ ലൈബ്രറിയുടെ ചരിത്രം രസകരമായ ഒന്നാണ്. പഞ്ചാബിലെ ബദരിയ മഹാരാജാവ് ആയിരുന്ന ഹർബൻഷ് സിംഗ് നിർമ്മൽ ആണ് ഈ ലൈബ്രറിയുടെ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചത്. പുസ്തകങ്ങളെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന് വലിയൊരു പുസ്തക ശേഖരം തന്നെ ഉണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം വായിച്ചു തീർക്കാത്ത പുസ്തകങ്ങൾ വളരെ കുറവായിരുന്നു. സുഹൃത്തുക്കളും അദ്ദേഹത്തിന് നൽകിയ സമ്മാനങ്ങളിലധികവും പുസ്തകങ്ങളായിരുന്നു. അക്കാലത്ത് ഇവിടെ ക്ഷേത്ര നിർമ്മാണത്തിനായി മാറ്രിവച്ച തുക കൊണ്ടാണ് അദ്ദേഹം മരുഭൂമിക്കടിയിൽ ഒരു ഗ്രന്ഥശാല സ്ഥാപിക്കുന്നത്. ഇന്ന് ജഗദാംബ സേവാ സമിതിയുടെ കീഴിലാണ് ഈ ഗ്രന്ഥാലയം പ്രവർത്തിക്കുന്നത്.