spray

മെൽബൺ: കൊവിഡിനെ തുരത്താൻ നേസൽ സ്‌പ്രേയുമായി ആസ്ട്രേലിയൻ ബയോടെക് കമ്പനിയായ എനാ റസ്പിറേറ്ററി രംഗത്തെത്തി. മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ സ്‌പ്രേയുടെ ഉപയോഗത്തിലൂടെ രോഗകാരികളായ വൈറസിനെ 96ശതമാനംവരെ കുറയ്ക്കാനായെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതിന്റെ ഉപയോഗം കൊവിഡ് ബാധിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം രോഗം പകരുന്നത് തടയുകയും ചെയ്യുമത്രേ. കൊവിഡ് വൈറസിനൊപ്പം ശ്വാസകോശത്തെ ബാധിക്കുന്ന എല്ലാത്തരം അണുബാധകളിൽ നിന്നും സ്‌പ്രേ സംരക്ഷണം നൽകും എന്നും ആഴ്ചയിൽ ഒന്നോ രണ്ടോ തവണത്തെ ഉപയോഗം മാത്രം മതിയെന്നും കമ്പനി പറയുന്നു.

സ്‌പ്രേയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ ശരീരത്തിന്റെ സ്വയം പ്രതിരോധത്തെ ഉത്തേജിപ്പിക്കുകയും അങ്ങനെ രോഗത്തിന് കാരണക്കാരായ വൈറസിനെ ചെറുക്കുകയുമാണ് ചെയ്യുന്നതെന്നാണ് കമ്പനി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. പരീക്ഷണത്തിൽ സ്‌പ്രേയുടെ ഉപയോഗം വൈറസുകളെ അതിവേഗം ഇല്ലാതാക്കുന്നതായി വ്യക്തമായെന്നും വാർത്താ കുറിപ്പിൽ പറയുന്നുണ്ട്. മനുഷ്യരിലും സ്‌പ്രേ സമാന രീതിയിൽ തന്നെ പ്രവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ പറയുന്നു.സ്‌പ്രേയുടെ മനുഷ്യരിലെ പരീക്ഷണം എന്നുനടക്കുമെന്ന് വ്യക്തമല്ല.