' എക് പ്യാർ കാ നഗ്മാ ഹേ..' ഷോർ എന്ന ചിത്രത്തിൽ ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കർ ആലപിച്ച ഗാനം. കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തിലെ ഒരു വൈകുന്നേരം പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമിലിരുന്ന് തന്റെ പ്രിയ ഗായികയുടെ ഗാനം ഉപജീവനത്തിനായി പാടി പിന്നീട് കണ്ണടച്ച് തുറക്കും മുമ്പ് കൊടുമുടിയിലേക്കെത്തിയ രാണു മൊണ്ടാലിനെ ഓർമയില്ലേ .... ആ വൈറൽ ഗായിക ഇപ്പോൾ എവിടെയാണ് ?
നിമിഷനേരം കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ രാണു വീണ്ടും തന്റെ പഴയ ജീവിതാവസ്ഥയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. രാണു ഇപ്പോൾ സാമ്പത്തിക ഞെരുക്കങ്ങൾക്കിടെ ജീവിക്കുകയാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാസങ്ങളായി രാണുവിനെ പറ്റി യാതൊരു അറിവുമില്ലായിരുന്നു. രാണു തന്റെ പഴയ വീട്ടിലേക്ക് മടങ്ങിയതായും സാമ്പത്തികനില തകർന്ന നിലയിലുമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.
റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമിലിരുന്ന് പാടുമ്പോൾ രാണു ഓർത്തിരുന്നില്ല ഈ പാട്ട് സെക്കന്റുകൾ കൊണ്ട് തന്റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന്. രാണുവിലെ കലാകാരിയെ തിരിച്ചറിഞ്ഞത് അതീന്ദ്ര ചക്രബർത്തി എന്ന യുവ എൻജിനിയർ ആയിരുന്നു. അതീന്ദ്ര രാണുവിന്റെ ഗാനം മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തു. 59കാരിയായ രാണുവിന്റെ ശബ്‌ദം ശരിക്കും ലതാ മങ്കേഷ്കറുടേത് പോലെയായിരുന്നു. അതീന്ദ്രയെ പോലും ഞെട്ടിച്ച് കൊണ്ട് രാണുവിന്റെ ശബ്‌ദം ഒരു വൈറസ് പോലെ ഇന്ത്യയൊട്ടാകെ പടർന്നു പിടിച്ചു.
വൈറലായതോടെ ഒരു മ്യൂസിക് റിയാലിറ്റി ഷോയിലെ അതിഥിയായി രാണു ക്ഷണിക്കപ്പെട്ടിരുന്നു. അന്ന് റിയാലിറ്റി ഷോയിലെ വിധികർത്താവായിരുന്ന ബോളിവുഡ് സംഗീത സംവിധായകൻ ഹിമേഷ് രേഷമിയ 'ഹാപ്പി ഹാർഡി ആൻഡ് ഹീർ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ വാതിൽ രാണുവിന് മുന്നിൽ തുറക്കുകയായിരുന്നു. ചിത്രത്തിലെ ' തേരി മേരി കഹാനി ... ' എന്ന ഗാനം സ്‌റ്റുഡിയോയിൽ ഹിമേഷിനൊപ്പം നിന്ന് പാടിയ രാണുവിനെ ജനഹൃദയങ്ങൾ ഏറ്റെടുത്തു. തൊട്ട് പിന്നാലെ 36 ചൈന ടൗണിലെ ' ആഷിഖി മേം തെരി ...' എന്ന ഹിറ്റ് ഗാനത്തിന്റെ റീമേക്കും രാണുവിന്റെ കൈകളിലെത്തി.
പിന്നീട് നടന്നതെല്ലാം സ്വപ്‌നതുല്യമായ ഉയർച്ചകൾ. അകന്ന് കഴിഞ്ഞ മകൾ സതിയുമായി വീണ്ടും ഒന്നിക്കാനുള്ള അവസരവും രാണുവിന് ലഭിച്ചിരുന്നു. നിരവധി ഷോകളിൽ രാണു പ്രത്യേക അതിഥിയായി ക്ഷണിക്കപ്പെട്ടു. എന്നാൽ വൈകാതെെ, സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ രാണുവെന്ന ഗായികയെ അതേ സോഷ്യൽ മീഡിയ തന്നെ ട്രോളുന്ന കാഴ്‌ചയും കാണേണ്ടി വന്നു. ഇൻസ്‌റ്റഗ്രാമിൽ പ്രചരിച്ച രാണുവിന്റെ പുത്തൻ മേക്കോവർ ഫോട്ടോകൾക്ക് നേരെ ട്രോളുകളുടെ പെരുമഴയായിരുന്നു. സൂപ്പർമാർക്കറ്റിൽ വച്ച് അനുവാദമില്ലാതെ തന്നോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച സ്ത്രീയോട് രാണു കയർക്കുന്ന വീഡിയോയും വിമർശനങ്ങൾ നേടിക്കൊടുത്തു.
ഒരു ടി.വി പരിപാടിയിൽ ഹിമേഷിനൊപ്പം പാടിയ സ്വന്തം ഗാനം ആലപിക്കാൻ പറഞ്ഞപ്പോൾ അല്‌പ നേരം ആലോചിച്ച നേരം ' ഓ മൈ ഗോഡ് ഐ ഫോർഗറ്റ് ഇറ്റ് !' എന്ന് പറഞ്ഞതിനും രാണുവിന് നേരെ സോഷ്യൽ മീഡിയയിൽ പൊങ്കാലയായിരുന്നു. പക്ഷേ, 2019ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തവണ തിരഞ്ഞവരുടെ ഗൂഗിൾ ഇന്ത്യയുടെ ലിസ്‌റ്റിലെ ആദ്യ പത്തിൽ ഇടം നേടാനുള്ള ഭാഗ്യം ഗായിക രാണു മൊണ്ടാലിന് ലഭിച്ചിരുന്നു. ലിസ്റ്റിൽ ഏഴാം സ്ഥാനത്തായിരുന്നു രാണു.
പശ്ചിമ ബംഗാളിലെ കൃഷ്‌ണനഗറിൽ ജനിച്ച രാണു മൊണ്ടാൽ തന്റെ അമ്മയുടെ മരണത്തെ തുടർന്ന് അമ്മായിക്കൊപ്പം റാണാഘട്ടിലാണ് വളർന്നത്. ഭർത്താവ് ബാബു മൊണ്ടാലിന്റെ മരണ ശേഷം ട്രെയിനുകളിൽ പാട്ട് പാടിയാണ് ഉപജീവനമാർഗം കണ്ടെത്തിക്കൊണ്ടിരുന്നത്. കുട്ടിക്കാലം മുതൽ ലതാമങ്കേഷ്‌കറുടെ ആരാധികയായിരുന്നു രാണു.