1984 സെപ്‌തംബർ 28, ജനസഹസ്രങ്ങൾക്ക് മുന്നിൽ ഒരുപാലം പൊളിഞ്ഞുവീണു; പഞ്ചവടിപ്പാലം. പക്ഷേ അത് സിനിമയിൽ ആയിരുന്നുവെന്നത് ആശ്വാസമേകി. 36 വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു പാലം പൊളിഞ്ഞു വീഴാതിരിക്കാൻ പൊളിക്കുകയാണ്. പാലാരിവട്ടം പാലം.
ഐരാവതക്കുഴി എന്ന സാങ്കൽ്പിക ഗ്രാമത്തിലാണ് 'പഞ്ചവടിപ്പാലം' എന്ന സിനിമയുടെ കഥ നടന്നത്. അവിടെ പുഴയുടെ കുറുകെയാണ് 200 അടി നീളത്തിൽ 'പഞ്ചവടിപ്പാലം' നിർമിച്ചത്. ഒടുവിൽ ആ പാലം ഉദ്ഘാടനത്തിന്റെ അതേ ദിവസം തന്നെ തകർന്നുവീഴുകയായിരുന്നു.
വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ ആസ്പദമാക്കി കെ.ജി ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവടിപ്പാലം. രാഷ്ട്രീയ ഹാസ്യ ചിത്രമായ പഞ്ചവടിപ്പാലത്തിൽ ഭരത് ഗോപി, നെടുമുടി വേണു, സുകുമാരി, തിലകൻ, ജഗതി, ശ്രീനിവാസൻ, ശ്രീവിദ്യ വേണു നാഗവള്ളി, ഇന്നസെന്റ് , കൽപന എന്നിങ്ങനെ നീണ്ട താരനിര തന്നെ വേഷമിട്ടിട്ടുണ്ട്.
ഒടുവിൽ ആ പാലം ഉദ്ഘാടനത്തിന്റെ അതേ ദിവസം തന്നെ തകർന്നുവീഴുകയായിരുന്നു. ചിത്രത്തിന് കഥയെഴുതുമ്പോൾ കെ.ജി ജോർജ് പ്രതീക്ഷിച്ചിരിക്കില്ല വർഷങ്ങൾക്കിപ്പുറം തന്റെ തിരക്കഥയ്ക്ക് സമാനമായ സംഭവം ജന്മനാട്ടിൽ നടക്കുമെന്ന് !
2014ൽ നിർമാണം ആരംഭിച്ച് 2016 ൽ ഉദ്ഘാടനം ചെയ്ത നാലുവരി ഫ്‌ളൈ ഓവറാണ് പാലാരിവട്ടം പാലം. 39 കോടിരൂപ ചെലവിട്ടാണ് പാലം നിർമ്മിച്ചത്. ദേശീയപാത 66, തിരക്കേറിയ എറണാകുളം മൂവാറ്റുപുഴ സംസ്ഥാനപാത എന്നിവ സന്ധിക്കുന്ന പാലാരിവട്ടം ജംഗ്ഷനിലാണ് പാലം.
ഈ പാലം നിർമിച്ച് രണ്ട് വർഷത്തിനകം തന്നെ പാലത്തിന്റെ ആറിടത്ത് വിള്ളൽ കണ്ടെത്തുകയും അടച്ചുപൂട്ടുകയും ചെയ്തു.
മേൽപ്പാലം അടച്ചിട്ട് 16 മാസവും 22 ദിവസവും പിന്നിട്ടപ്പോഴാണ് സുപ്രിംകോടതി വിധി വന്നത്. പാലത്തിന്റെ നിർമാണ മേൽനോട്ട ചുമതല ഇ. ശ്രീധരന് നൽകാനും ഒൻപത് മാസത്തിനകം പണി പൂർത്തിയാക്കാനുമാണ് സർക്കാർ തീരുമാനം.