ഐ.പി.എൽ പതിമൂന്നാം സീസണിലെ തകർപ്പൻ പ്രകടനത്തോടെ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. വെറും രണ്ട് കളികൾകൊണ്ടു തന്നെ രാജസ്ഥാൻ റോയൽസിലെ കിംഗ് മേക്കറായി മാറിയ മലയാളി താരം സഞ്ജു നിലവിൽ അത്രുഗ്രൻ ഫോമിലാണ്.
റൺ മഴ പെയ്യിക്കുന്നത് മാത്രമല്ല, ബൗളർമാർക്ക് മേലുള്ള സഞ്ജുവിന്റെ ആധിപത്യവും ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം വശീകരിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള പ്രമുഖർ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ രാജസ്ഥാൻ റോയൽസിന്റെ ആദ്യ കളിയിൽ വെറും 32 ബോളിൽ നിന്നാണ് സഞ്ജു 74 റൺസ് നേടിയത്. 216 എന്ന ടാർജറ്റ് കെട്ടിപ്പടുക്കാൻ രാജസ്ഥാന്റെ പവർഹൗസ് ആയി മാറിയത് സഞ്ജു ആയിരുന്നു.
ഇപ്പോഴിതാ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് മറ്റൊരുമല്ല ഓസ്ട്രേലിയയുടെ മുൻ സ്പിൻ ഇതിഹാസവും രാജസ്ഥാൻ റോയൽസിന്റെ ബ്രാൻഡ് അംബാസഡറുമായ ഷെയ്ൻ വോൺ ആണ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയുള്ള സഞ്ജുവിന്റെ ബാറ്റിംഗ് കണ്ട വോൺ ശരിക്കും അമ്പരന്നു പോയി. ഇത്രയും കഴിവുണ്ടായിട്ടും ഇന്ത്യയ്ക്ക് വേണ്ടി എല്ലാ ഫോർമാറ്റുകളിലും എന്ത് കൊണ്ട് സഞ്ജു കളിക്കുന്നില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് വോൺ പറയുന്നു.
' സഞ്ജുവിനെ പോലൊരു മികച്ച കളിക്കാരൻ ഇന്ത്യയ്ക്കൊപ്പം മൂന്ന് ഫോർമാറ്റുകളിലും കളിക്കാനില്ല എന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ' വോൺ പറയുന്നു. ചെന്നൈയ്ക്ക് പിന്നാലെ പഞ്ചാബിനെതിരെയും സഞ്ജുവിന്റെ എനർജിയാണ് രാജസ്ഥാൻ റോയൽസിന്റെ നട്ടെല്ലായത്. 42 ബോളിൽ 85 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനം സഞ്ജുവിലുള്ള വോണിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ഈ ഐ.പി.എൽ സീസണിലുടനീളം ഗംഭീര പ്രകടനം കാഴ്ച വച്ചാൽ സെലക്ടർമാക്ക് മറ്റ് ഫോർമാറ്റുകളിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിൽ നിന്നും തീർച്ചയായും കണ്ണടയ്ക്കാൻ സാധിക്കില്ല.
ഇന്ത്യൻ ടീമിന് വേണ്ടി നിരവധി സംഭാവനകൾ നൽകാൻ സഞ്ജുവിന് കഴിയുമെന്നും തന്റെ കരിയറിൽ താൻ കണ്ട മികച്ച താരങ്ങളിൽ ഒരാളാണ് സഞ്ജുവെന്നും രാജസ്ഥാൻ റോയൽസിന്റെ മുൻ ക്യാപ്ടൻ കൂടിയായ വോൺ വ്യക്തമാക്കി.