shark

കൊവിഡ് രോഗികളുടെ എണ്ണം ലോകത്ത് മൂന്ന് കോടി കടന്നിരിക്കുകയാണ്. വാക്‌സിന്‍ ഗവേഷണത്തിനു പിന്നാലെയാണ് മിക്ക രാജ്യങ്ങളും. കൊവിഡ് വാക്‌സിന്‍ ലോകത്തെ എല്ലാവര്‍ക്കും നല്‍കണമെങ്കില്‍ അഞ്ച് ലക്ഷത്തില്‍ അധികം സ്രാവുകളെ കൊല്ലണമെന്ന് റിപ്പോര്‍ട്ടുകള്‍.

സ്രാവുകളുടെ കരളില്‍ നിന്നുല്‍പാദിപ്പിക്കുന്ന എണ്ണ വാക്‌സിന്‍ നിര്‍മ്മാണത്തിന് ആവശ്യമാണ്. എന്നാല്‍ കൊവിഡ് എത്ര നാള്‍ ലോകത്ത് നീണ്ടു നില്‍ക്കുമെന്ന് വ്യക്തത ഇല്ലാത്തതിനാല്‍ സ്രാവുകളെ കൂട്ടത്തോടെ കൊല്ലുന്നത് വംശനാശത്തിന് ഇടയാക്കുമെന്നാണ് സ്രാവ് സംരക്ഷകര്‍ പറയുന്നത്.


സ്രാവ് വേട്ട

കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിന് ആവശ്യമായ പ്രകൃതിദത്ത എണ്ണയുടെ ആവശ്യത്തിനായി അഞ്ച് ലക്ഷത്തോളം സ്രാവുകളെ കൊല്ലേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സ്രാവുകളുടെ കരളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന സ്‌ക്വാലെന്‍ എന്ന എണ്ണ വാക്‌സിനുകളുടെ നിര്‍മ്മാണത്തിന് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തമായ രോഗ പ്രതിരോധ സംവിധാനം ഉണ്ടാക്കി വാക്‌സിനുകളുടെ പ്രവര്‍ത്തനത്തിന് നിലവില്‍ സ്‌ക്വാലെന്‍ ഉപയോഗിക്കുന്നുണ്ട്.

ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലാക്സോ സ്മിത്ത്‌ക്ലൈന്‍ നിലവില്‍ ഫ്ലൂവിനുള്ള വാക്‌സിനുകളില്‍ സ്‌ക്വാലെന്‍ ഉപയോഗിക്കുന്നുണ്ട്. പതിനായിരം ലക്ഷം ഡോസ് കൊവിഡ് അനുബന്ധ വാക്‌സിനുകള്‍ നിര്‍മ്മിക്കുമെന്ന് കമ്പനി മേയില്‍ വ്യക്തമാക്കിയിരുന്നു.


അഞ്ച് ലക്ഷം സ്രാവുകള്‍

ഒരു ടണ്‍ സ്‌ക്വാലെന്‍ ഓയിലിന്റെ ഉത്പാദനത്തിനായി 3000 സ്രാവുകളെ കൊല്ലേണ്ടിവരും. സ്രാവുകളുടെ കരളില്‍ നിന്നുള്ള എണ്ണ അടങ്ങിയ ഓരോ ഡോസ് വാക്‌സിന്‍ ലോകത്തെ എല്ലാവര്‍ക്കും നല്‍കുന്നതിനായി രണ്ടര ലക്ഷം സ്രാവുകളെ കൊല്ലണം. എന്നാല്‍ രണ്ട് ഡോസ് മരുന്ന് നല്‍കുന്നതിനായി അഞ്ച് ലക്ഷം സ്രാവുകളെ കൊല്ലണമെന്ന് റിപ്പോര്‍ട്ടുകൾ. ആഗോള ജനസംഖ്യയുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കേണ്ടിവരും.

'വലിയ തോതില്‍ പ്രത്യുത്പാദനം നടത്താത്ത സ്രാവുകളെ ഇത്തരത്തില്‍ കൊന്നൊടുക്കുന്നത് സുസ്ഥിരമായ മാര്‍ഗമല്ല.' സ്രാവുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റെഫാനി ബ്രെന്‍ഡല്‍ പറഞ്ഞു. ഈ മഹാമാരി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് നമുക്ക് അറിയില്ല. ഇതിന്റെ എത്രയെത്ര പതിപ്പുകളില്‍ക്കൂടി കടന്നുപോകേണ്ടി വരുമെന്നും തീര്‍ച്ചയില്ല. തുടര്‍ച്ചയായി സ്രാവുകളെ ഇതിനായി ഉപയോഗിക്കേണ്ടി വന്നാല്‍ ഓരോ വര്‍ഷം കഴിയുമ്പോഴും കൊല്ലപ്പെടുന്ന സ്രാവുകളുടെ എണ്ണം വലുതായിരിക്കും.' സ്റ്റെഫാനി പറഞ്ഞു.

സ്രാവ് സംരക്ഷണ പ്രവര്‍ത്തകരുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം സ്‌ക്വാലെന്‍ ഉത്പാദിപ്പിക്കുന്നതിനായി പ്രതിവര്‍ഷം മുപ്പത് ലക്ഷം സ്രാവുകളെ വേട്ടയാടുന്നുണ്ട്. കരള്‍ എണ്ണയുടെ ആവശ്യം പെട്ടെന്ന് ഉയരുമ്പോള്‍ സ്രാവുകളുടെ എണ്ണത്തെ ഇത് അപകടകരമായി ബാധിക്കും. അതിനാല്‍ത്തന്നെ സ്രാവുകള്‍ക്ക് വംശനാശ ഭീഷണി നേരിടുമെന്നും സ്രാവ് സംരക്ഷകര്‍ പറയുന്നു.