'എഴുതിത്തള്ളേണ്ട കേസല്ല അത് " എന്ന കേരളകൗമുദി എഡിറ്റോറിയൽ ഉചിതവും ഗംഭീരവുമായി. അഭിനന്ദനങ്ങൾ. കേരള യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റുമാരുടെ നിയമനത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും നടന്നതായി ലോകായുക്ത കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം കേരള ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട വളരെ പ്രമാദമായ അഴിമതിക്കേസ് ഗവൺമെന്റിന്റെ ക്രൈംബ്രാഞ്ച് വിഭാഗത്തെ കൊണ്ടന്വേഷിപ്പിച്ച് തെളിവില്ലെന്ന് കോടതിക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒരു ദശാബ്ദത്തിന് മുമ്പു നടന്ന കേസിന്റെ അന്വേഷണം വൈകിപ്പിച്ച് അനധികൃത നിയമനം നടത്തിയവരെയും അപ്രകാരം നിയമനം ലഭിച്ചവരെയും രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇങ്ങനെയാണെങ്കിൽ ഏതു കാര്യത്തിൽ എന്തു നീതിയാണിവിടെ നടപ്പാവുക.
''സുധിശ്രീ കർമ്മചതുരോ
പ്രജാക്ഷേമൈകതല്പരോ
നൃപോ നിയമനിഷ്ഠാത
നിയമ സൗരസാമ്യവത് ""
മനുസ്മൃതിയിലെ ഒരു ശ്ലോകമാണിത്. സുധി (രാജാവ്) അഥവാ ഭരണാധികാരി ഐശ്വര്യവാനും കർമ്മകുശലനുമായിരിക്കണം. പ്രജകളുടെ ക്ഷേമത്തിൽ തത്പരനായിരിക്കണം. അദ്ദേഹം നിയമത്തിൽ നിഷ്ഠയുള്ളവനാകണം. നിയമം സൂര്യസമാനമായിരിക്കണം. സൂര്യസമാനമെന്നാൽ ഉദിച്ചുയർന്നുകഴിഞ്ഞാൽ എല്ലാവർക്കും ഒരുപോലെ ചൂടും വെളിച്ചവും നൽകുന്നത് എന്നർത്ഥം. എല്ലാ ഭരണാധികാരികളും ഭരണത്തിൽ പങ്കുള്ളവരും അറിഞ്ഞിരിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമാണിത്. കേസ് എഴുതിത്തള്ളുന്നത് ഭരണരംഗത്തുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവർക്കും ഭാവി ഭരണകർത്താക്കൾക്കും വളരെ മോശമായ സന്ദേശവും പാഠവും മാർഗരേഖയുമാണ് നൽകുന്നത്.
ഡോ. പി. ഗോപാലകൃഷ്ണൻ,
അമ്പലപ്പുഴ
ഗുരുവിന്റെ കൃതികൾ സിലബസിൽ ഉൾപ്പെടുത്തണം
നവകേരള ശില്പിയാണ് ശ്രീനാരായണ ഗുരുദേവൻ. സ്വതന്ത്രമായ വീക്ഷണവും നവംനവമായ ജീവിതശൈലിയും പുലർത്തുന്ന ഇന്നത്തെ മലയാളി സമൂഹം ഗുരുദേവന്റെ സൃഷ്ടിയാണ്. ചരിത്രബോധമുള്ളവരാരും, അതിശയോക്തിപരമാണ് ഈ പ്രസ്താവമെന്നു കരുതുകയില്ല.
സർക്കാർ ഗുരു പ്രതിമ സ്ഥാപിക്കുന്നതുമായിട്ടുണ്ടായ വിവാദങ്ങൾ അർത്ഥശൂന്യമാണ്. മണ്ഡപം വേണമെന്നും വേണ്ടെന്നും അഭിപ്രായമുള്ളവരുണ്ട്. ഈ രണ്ടു കൂട്ടർക്കുമുള്ള സംശയ നിവാരണമാണ് ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. ഈ സംഭവം നടന്നിട്ട് ഇപ്പോൾ 13 ദശകങ്ങൾ കഴിഞ്ഞിരിക്കുന്നു. ഗുരുവിന്റെ സ്മരണയ്ക്കായി ഏതൊരു സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന നീക്കങ്ങളും അഭിനന്ദനാർഹമാണ്.
കാവ്യഗുണത്തിലോ ദാർശനിക തലത്തിലോ ശ്രീനാരായണ ഗുരുവിന്റെ രചനകൾക്കു മുകളിൽ പ്രതിഷ്ഠിക്കുവാൻ മലയാളത്തിൽ ഇന്നുവരെ ഒരു സാഹിത്യസൃഷ്ടിയുമുണ്ടായിട്ടില്ല. എന്നിട്ടും ഗുരുവിന്റെ എത്ര കവിതകൾ നമ്മുടെ സ്കൂൾ - കോളേജുകളിലെ പാഠപുസ്തകങ്ങളിൽ ഇടം പിടിച്ചിട്ടുണ്ടെന്ന് നാം ഇനിയും ചിന്തിക്കണം. വളരെക്കാലമായി വർത്തമാനങ്ങളും ചർച്ചകളും കേൾക്കുന്നു. ഇന്നും ഗുരുവിന്റെ കൃതികൾക്കല്ല, ഗുരുവിനെക്കുറിച്ചും ഗുരുവിന്റെ കൃതികളെക്കുറിച്ചും സാഹിത്യ തമ്പുരാക്കന്മാർ എഴുതിവിടുന്ന ഗീർവാണങ്ങൾക്കാണ് പാഠ്യപദ്ധതിയിൽ സ്ഥാനം. അതിലളിതവും അതിഗഹനവുമായ രചനകൾ ഗുരുവിന്റേതായുണ്ട്. സ്കൂൾ തലത്തിലും ബിരുദ ബിരുദാനന്തര തലത്തിലും സിലബസിൽ ഉൾപ്പെടുത്താവുന്നതുമാണ്. ഈ വൈകിയ വേളയിലെങ്കിലും ഈ കൃതികളെ പാഠപുസ്തകങ്ങളിലുൾപ്പെടുത്താൻ സർക്കാർ മുൻകൈയെടുക്കണം.
പ്രൊഫ. എം.ആർ. സഹൃദയൻതമ്പി
തിരുവനന്തപുരം