തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി കൊവിഡ് വ്യാപന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമതെത്തി. പ്രതിദിന രോഗികളുടെ എണ്ണത്തിൽ സംസ്ഥാനം രാജ്യത്ത് നാലാമതാണ്. കഴിഞ്ഞ ദിവസം വരെയുള്ള രോഗികളുടെ വർദ്ധന നിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്. 20 ദിവസം കൂടുമ്പോൾ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സാഹചര്യമാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുലക്ഷത്തിലെ കണക്ക് എടുത്താൽ 5,143 ആണ്. ഇന്ത്യയിലെ ശരാശരി 5,882 ആണ്.
പ്രതിദിന രോഗികളുടെ വർദ്ധനയിൽ കേരളത്തിന് പിന്നിലുള്ളത് ഛത്തീസ്ഗഡും അരുണാചൽ പ്രദേശുമാണ്. ഇരു സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് മൂന്നുശതമാനമാണ്. പ്രതിദിന കണക്കിൽ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കർണാടകവുമാണ് കേരളത്തിന് മുന്നിലുള്ളത്. ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്. കേരളത്തിൽ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമായി ഉയർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ അരലക്ഷത്തിന് മുകളിൽ പരിശോധന നടന്നു. എന്നാൽ പിന്നീട് വീണ്ടും പരിശോധനാ നിരക്ക് താഴേക്ക് പോയി. ഒക്ടോബർ ആദ്യ ആഴ്ചയോടെ പ്രതിദിന രോഗികളുടെ കണക്ക് 10,000 ആകുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. ഒരേ സമയം ചികിത്സസയിലുള്ളവരുടെ എണ്ണം 75,000 വരെ ഉയർന്നേക്കാമെന്നും ആരോഗ്യവകുപ്പ് സൂചന നൽകി.
ഓണവും സമരവും സ്ഥിതി രൂക്ഷമാക്കി
ഓണത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചപ്പോൾ അത് ദുരുപയോഗം ചെയ്തതാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതിന് കാരണമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം സർക്കാർ വിരുദ്ധ സമരങ്ങളുടെ പേരിൽ ആളുകൾ ഒത്തുകൂടിയതും രോഗവർദ്ധനയുടെ ആക്കം കൂട്ടി. ഇക്കാര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ.ശൈലജ തന്നെ സൂചിപ്പിക്കുകയും ചെയ്തു. ഈ മാസം മാത്രം ഒരു ലക്ഷത്തിലേറെ രോഗികളാണ് ഉണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം 6000ൽ നിന്ന് 7500 കടക്കാൻ എടുത്തത് വെറും മൂന്ന് ദിവസം മാത്രമാണെന്നത് രോഗവ്യാപനം അതിവേഗത്തിലാണെന്നതിന്റെ സൂചനയാണ്. പ്രതിദിന രോഗവർദ്ധനവിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടി.പി.ആർ) ഉയരുകയാണ്.
രോഗവ്യാപന നിരക്ക് - 3.4%
പരിശോധന (പത്തുലക്ഷത്തിൽ)- 74,031.6
മരണനിരക്ക് - 0.39 %
രോഗമുക്തി നിരക്ക്- 67.24%
ടെസ്റ്റ് പോസിറ്റിവിറ്റി (പത്തുലക്ഷത്തിൽ)- 5143
ആകെ ചികിത്സയിലുള്ളവർ- 57,709
കൊവിഡിനെ നേരിടാൻ കക്ഷിരാഷ്ട്രീയത്തിനതാതീതമായി ഒന്നിച്ചുനിൽക്കണം. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രോഗികളുടെ എണ്ണം ഇനിയുമുയരും - കെ.കെ.ശൈലജ, ആരോഗ്യമന്ത്രി