ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ചിലെ ( ഐ.സി.എം.ആർ ) ശാസ്ത്രജ്ഞർ. രാജ്യത്ത് രോഗം ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ' ക്യാറ്റ് ക്യൂ ' ( Cat Que Virus - CQV ) എന്ന വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായാണ് ഐ.സി.എം.ആറിലെ ഗവേഷകർ പറയുന്നത്. ക്യൂലക്സ് കൊതുകുകളിലും പന്നികളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. നേരത്തെ ചൈനയിലും വിയറ്റ്നാമിലും ഈ വൈറസ് വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മനുഷ്യരിൽ നിന്നും ശേഖരിച്ച 883 സെറം സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ ക്യാറ്റ് ക്യൂ വൈറസിന്റെ ആന്റിബോഡികൾ കണ്ടെത്തിയതായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ പറഞ്ഞു. അതായത്, ഈ സാമ്പിളുകളുടെ ഉടമയായ രണ്ട് പേർക്കും നേരത്തെ ക്യാറ്റ് ക്യൂ വൈറസ് ബാധ ഏറ്റിരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
കർണാടകയിൽ നിന്നുമാണ് രണ്ട് സാമ്പിളുകളും ശേഖരിച്ചിരിക്കുന്നത്. രാജ്യത്ത് മൈന, കാട്ടുപന്നി എന്നിവയിലും ക്യാറ്റ് ക്യൂ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായും ഇത് മനുഷ്യരിലേക്കുള്ള രോഗവ്യാപനത്തിന് കാരണമായേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ക്യാറ്റ് ക്യൂ വൈറസിനെ കണ്ടെത്തുന്നതിനുൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നത് സംബന്ധിച്ച പഠനങ്ങൾ ഗവേഷകർ തുടങ്ങിക്കഴിഞ്ഞു. കൊതുകുകളാണ് പ്രധാനമായും ക്യാറ്റ് ക്യൂ വൈറസിനെ മനുഷ്യരിലേക്കെത്തിക്കാൻ സാദ്ധ്യത. പക്ഷികൾ വഴി മനുഷ്യരിലേക്ക് പടരുന്നത് കണ്ടെത്തിയിട്ടില്ല. സസ്തനികളിൽ പന്നികളാണ് ക്യാറ്റ് ക്യൂ വൈറസിന്റെ പ്രധാന വാഹകർ. ചൈനയിലെ വളർത്തുപന്നികളിൽ ഈ വൈറസിന്റെ ആന്റിബോഡികൾ കണ്ടെത്തിയിട്ടുണ്ട്.