gorilla

മാഡ്രിഡ് : 200 കിലോഗ്രാം ഭാരമുള്ള ഭീമൻ ഗോറില്ലയുടെ ആക്രമണത്തിൽ മൃഗശാലാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തലയ്ക്കും നെഞ്ചിനും മാരക പരിക്കേറ്റ 46കാരിയായ ജീവനക്കാരിയുടെ നില അതീവ ഗുരുതരമാണ്. മൂന്ന് സെക്യൂരിറ്റി ഡോറുകൾ അടിച്ച് തകർത്താണ് ഗോറില്ലയുടെ പരാക്രമം.

കഴിഞ്ഞ ദിവസം സ്പെയിനിലെ മാഡ്രിഡ് സൂ അക്വാറിയത്തിലാണ് സംഭവം. മൃഗങ്ങൾക്ക് പ്രഭാത ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന ജീവനക്കാരി ഗോറില്ലയുടെ കൂടിന്റെ പരിസരത്തേക്കെത്തിയപ്പോൾ മുമ്പിലേക്ക് 29 വയസുള്ള മലാബോ എന്ന ഗോറില്ല ചാടിവീണ് ആക്രമിക്കുകയായിരുന്നു. മൃഗശാലയിലെ മറ്റു ജീവനക്കാർ ചേർന്ന് ഗോറില്ലയ്ക്ക് മയക്കുമരുന്ന് കുത്തിവച്ച് ജീവനക്കാരിയെ രക്ഷിക്കുകയായിരുന്നു.

ജനിച്ച നാൾ മുതൽ മാഡ്രിഡ് മൃഗശാലയിൽ ജീവിക്കുന്ന മലാബോ പൊതുവെ ജീവനക്കാരോട് അടുത്ത് പെരുമാറുന്നതാണ്. എന്നാൽ ഗോറില്ല എന്തുകൊണ്ടാണ് അപ്രതീക്ഷിതമായി പ്രകോപിതനായതെന്ന് വ്യക്തമല്ല. മൂന്ന് സുരക്ഷാ വാതിലുകൾ ഭേദിച്ച് ഗോറില്ല എങ്ങനെയാണ് വാതിലുകൾ തകർത്ത് സുരക്ഷിത മേഖലയിലേക്ക് എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിനിരയായ ജീവനക്കാരി 19 വർഷമായി മൃഗശാലയിലുണ്ട്. ഇവരുടെ രണ്ട് കൈകളും ഗോറില്ല ഒടിച്ചു.