സ്ത്രീകളെയും ഫെമിനിസ്റ്റ് ആശയങ്ങൾ പിന്തുടരുന്നവരെയും അധിക്ഷേപിച്ച വിജയ് പി. നായരുടെ മേൽ കറുത്ത മഷി ഒഴിച്ച സംഭവത്തിന്റെ പിന്തുടർച്ചയായി തന്റെ നിലപാട് വ്യക്തമാക്കി ഡബ്‌ള്യു.സി.സി അംഗവും നടിയുമായ റിമ കല്ലിംഗൽ. 'തങ്ങൾ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാർ ഇല്ലെ'ന്നും പങ്കാളികളാണ് ഉള്ളതെന്നും പറഞ്ഞുകൊണ്ടാണ് റിമ ഫേസ്ബുക്കിലൂടെ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. 'എങ്ങനെയാണ് കാര്യങ്ങൾ നടത്തുന്നതെന്ന് കാട്ടികൊടുക്കുക' എന്നർത്ഥമുള്ള ഹാഷ്ടാഗും റിമ പോസ്ടിനോപ്പം നൽകിയിട്ടുണ്ട്. സ്ത്രീപക്ഷ ആശയങ്ങളിൽ വിശ്വസിക്കുന്നവർക്ക് 'ഭർത്താക്കന്മാരില്ല' എന്ന തരത്തിൽ വിജയ് പി.നായർ തന്റെ യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞിരുന്നു.
കുറിപ്പ് ചുവടെ:
'അതെ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് 'ഭർത്താക്കന്മാരില്ല'. ഞങ്ങൾക്കുള്ളത് പങ്കാളികളാണ്. അവരെ ഞങ്ങൾ സ്വന്തം തീരുമാനപ്രകാരമാണ് തിരഞ്ഞെടുക്കുന്നത്. അങ്ങനെയൊരാളെ ആവശ്യമുണ്ടെന്ന് എപ്പോഴെങ്കിലും ഞങ്ങൾക്ക് തോന്നുമ്പോൾ. #showthemhowitsdone'