iphone

ന്യൂഡൽഹി: ആപ്പിളിനുവേണ്ടി ഐഫോൺ നിർമ്മിക്കാൻ കരാർ നേടിയിട്ടുള്ള മൂന്ന് പ്രമുഖ കമ്പനികൾ ചേർന്ന് അടുത്ത അഞ്ചുവർഷത്തിനകം ഇന്ത്യയിൽ 90 കോടി ഡോളറിന്റെ (ഏകദേശം 6,​600 കോടി രൂപ)​ നിക്ഷേപം നടത്തും. നിക്ഷേപം ആകർഷിക്കാനായി കേന്ദ്രം ആവിഷ്‌കരിച്ച പുതിയ 'പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പ്ളാൻ" (പി.എൽ.ഐ)​ പ്രകാരമായിരിക്കും ഇത്.

ഫോക്‌സ്കോൺ,​ വിസ്‌ട്രോൺ,​ പെഗാട്രോൺ എന്നിവയാണ് നിക്ഷേപത്തിന് ഒരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ 'ആത്മനിർഭർ ഇന്ത്യ" കാമ്പയിന്റെ ഭാഗമായി,​ ഇന്ത്യയെ മാനുഫാക്‌ചറിംഗ് ഹബ്ബാക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പി.എൽ.ഐ. ഇന്ത്യയിൽ നിർമ്മിച്ച് വിറ്റഴിക്കുന്ന സ്മാർട്‌ഫോണുകൾക്ക് കാഷ് - ഇൻസെന്റീവ് നൽകുന്നതാണ് പദ്ധതി.

വിസ്‌ട്രോൺ 1,​300 കോടി രൂപയും പെഗാട്രോൺ 1,​200 കോടി രൂപയും ബാക്കി ഫോക്‌സ്‌കോണുമാണ് നിക്ഷേപിക്കുക. ഇതിലൂടെ 10,​000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.