hear

ഡിപ്പാർട്ട്മെന്റ് ഒഫ് കാർഡിയോളജി

നെയ്യാർ മെഡിസിറ്റി,​ കാട്ടാക്കട

ലോകത്ത് ഹൃദയരോഗങ്ങൾ ബാധിച്ച് പ്രതിവർഷം 17.9 ദശലക്ഷം രോഗികൾ മരണത്തിനു കീഴടങ്ങുന്നുണ്ടെന്നാണ് കണക്ക്. പത്തു വർഷത്തിനകം ഇത് 23 ദശലക്ഷമായി ഉയരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഹൃദ്‌രോഗം കാരണമുള്ള മരണങ്ങളിൽ 80 ശതമാനവും ശ്രദ്ധിച്ചാൽ ഒഴിവാക്കാനാകുന്നതാണ്.

പുകവലി ഉപേക്ഷിക്കുക,​ മദ്യപാനം നിയന്ത്രിക്കുക,​ സന്തുലിത ഭക്ഷണക്രമം ശീലിക്കുക,​ വ്യായാമം പതിവാക്കുക എന്നീ നാലു കാര്യങ്ങളാണ് ഹൃദ്‌രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളിൽ പ്രധാനം. വിവിധ രാജ്യങ്ങളിലായി 60 ലക്ഷത്തിലധികം പേർ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം പ്രതിവർഷം മരിക്കുന്നുണ്ട്. പുകവലി,​ ഹൃദ്‌രോഗസാദ്ധ്യത 10 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്യും.

പ്രമേഹമാണ് ഹൃദ്‌രോഗ കാരണങ്ങളിൽ മറ്റൊരു പ്രധാന ഘടകം. ലോകത്തിന്റെ പ്രമേഹതലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയിൽ കേരളമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. ശരീരത്തിലെ കൊഴുപ്പിന്റെ അളവും രക്തസമ്മർദ്ദവും നിയന്ത്രിച്ചാൽത്തന്നെ ഹൃദയരോഗങ്ങളെ വലിയൊരളവ് പ്രതിരോധിക്കാം. രാജ്യത്തിന്റെ സമ്പദ്ഘടനയെപ്പോലും ബാധിക്കുന്ന ഹൃദയരോഗങ്ങൾ തടയാൻ സർക്കാരുകൾക്ക് ചെയ്യാവുന്നത് സമഗ്രമായ പുകയില നിയന്ത്രണ നയങ്ങൾ നടപ്പിലാക്കുകയും കൊഴുപ്പ്,​ പഞ്ചസാര,​ ഉപ്പ് എന്നിവ അധികമുള്ള ഭക്ഷണസാധനങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തി ഉപഭോഗം കുറയ്ക്കുകയുമാണ്.

ഹൃദ്‌രോഗം നിയന്ത്രിക്കുന്നതിൽ വ്യായാമത്തിന് വലിയ പങ്കുണ്ട്. നടത്തം പതിവു വ്യായാമമാക്കുകയും സൈക്കിൾ ഉപയോഗിക്കാൻ കൂടുതൽ പേരെ പ്രോത്സാഹിപ്പിക്കുകയും വേണം. ആരോഗ്യകരമായ ഭക്ഷണശീലം ചെറുപ്പത്തിലേ വളർത്തിയെടുക്കാൻ കുട്ടികൾക്ക് നൽകുന്ന സ്കൂൾ ഭക്ഷണം സമീകൃതവും കൊഴുപ്പ് അധിക അളവിൽ അടങ്ങിയിട്ടില്ലാത്തതുമാണെന്ന് ഉറപ്പാക്കുക.

ഈ ഹൃദയാരോഗ്യദിനത്തിൽ നമുക്കോരോരുത്തർക്കും മറ്റുള്ളവർക്കു വേണ്ടി ഒരു പ്രതിജ്ഞ ചെയ്യാം. കുട്ടികൾക്കുള്ള ഭക്ഷണം ആരോഗ്യപൂർണമാക്കാമെന്ന് ഓരോ അമ്മയ്‌ക്കും പ്രതിജ്ഞ ചെയ്യാം. ആരോഗ്യമുള്ള ഹൃദയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളെ പിന്തുണയ്ക്കുമെന്ന് നിയമനിർമാതാക്കൾക്ക് പ്രതിജ്ഞ ചെയ്യാം. ജോലിസ്ഥലം ആരോഗ്യകരമാക്കുമെന്ന് ഓരോ ജീവനക്കാരനും,​ രോഗിയുടെ പുകവലി ശീലം മാറ്റാൻ യത്നിക്കുമെന്ന് ഓരോ ഡോക്ടറും പ്രതിജ്ഞ ചെയ്യട്ടെ. അങ്ങനെ ഓരോരുത്തരും 'ഹാർട്ട് ഹീറോ' ആകട്ടെ!