മുംബയ്: ഉത്സവകാലത്തിന് മുന്നോടിയായ പുതിയ റീട്ടെയിൽ വായ്‌പാ ഇടപാടുകാർക്ക് ആകർഷക ഓഫറുകളുമായി എസ്.ബി.ഐ. വാഹനം, സ്വർണ, വ്യക്തിഗത വായ്‌പകൾക്ക് 100 ശതമാനം പ്രോസസിംഗ് ഫീസ് ഇളവുണ്ട്. ബാങ്കിന്റെ മൊബൈൽ ആപ്പായ 'യോനോ" വഴി വായ്‌പ തേടുന്നവർക്കാണ് ഈ ആനുകൂല്യം.
ഭവന വായ്‌പ തേടിയത് അംഗീകൃത പാർപ്പിട പദ്ധതിക്കാണെങ്കിൽ 100 ശതമാനം പ്രൊസസിംഗ് ഫീസ് ഇളവ് ബാങ്ക് നൽകുന്നുണ്ട്. മികച്ച ക്രെഡിറ്റ് സ്‌കോർ ഉള്ളവർക്ക് ഭവന വായ്‌പാ പലിശയിൽ 0.10 ശതമാനം പ്രത്യേക ഇളവും നൽകുന്നു. യോനോയിലൂടെയാണ് ഇവർ ഭവന വായ്‌പയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ അധികമായി 0.05 ശതമാനം പലിശയിളവും നേടാം.
നിലവിൽ 7.5 ശതമാനമാണ് ഏറ്റവും കുറഞ്ഞ വാഹന വായ്‌പാ പലിശ. 100 ശതമാനം ഓൺറോഡ് വിലയും വായ്‌പയായി നേടാനുള്ള അവസരവുമുണ്ട്. 7.5 ശതമാനം പലിശനിരക്കിൽ സ്വർണവായ്‌പ എടുക്കുന്നവർക്ക് 36 മാസ തിരിച്ചടവ് കാലാവധി ലഭിക്കും. 9.6 ശതമാനമാണ് വ്യക്തിഗത വായ്‌പാ പലിശ. ഭവന വായ്‌പയിൽ 34 ശതമാനവും വാഹന വായ്‌പയിൽ 33 ശതമാനവും വിപണി വിഹിതം എസ്.ബി.ഐയ്ക്കുണ്ട്.