pic

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ നിയമങ്ങൾ കൊണ്ട് വരണമെന്ന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സോണിയ ഗാന്ധി. ബില്ലിനെതിരെ കർഷകർ രാജ്യ വ്യാപകമായി പ്രതിഷേധ സമരങ്ങൾ നടത്തുന്നതിനിടെയാണ് കോൺഗ്രസ് അദ്ധ്യക്ഷയുടെ നിർദേശം. സമരങ്ങളുടെ ഭാഗമായി കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 254 (2) പ്രകാരം സംസ്ഥാനങ്ങൾക്ക് നിയമങ്ങൾ പാസാക്കാനുള്ള സാധ്യതകൾ
തേടാനാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് സോണിയ ഗാന്ധി നിർദേശിച്ചത്. ഇത് സംസ്ഥാനത്തിന്റെ അധികാരപരിധി ലംഘിക്കുന്ന കാർഷിക വിരുദ്ധ കേന്ദ്ര നിയമങ്ങളെ നിരാകരിക്കുന്നതിന് നിയമം പാസാക്കാൻ അനുവദിക്കുമെന്നും കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കർഷകർക്ക് അനുകൂലമായ നിയമ നിർമാണം നടത്തുമെന്നും ഇത് കർഷകർക്ക് നേരെ മോദി സർക്കാർ നടത്തുന്ന അനീതികൾ ഇല്ലാതെയാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

കേന്ദ്ര സർക്കാരിന്റെ കാർഷിക ബിൽ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചാബിലെ ശിരോമണി അകാലിദൾ കഴിഞ്ഞ ദിവസം എൻ.ഡി.എ വിട്ടിരുന്നു. കാർഷിക ബിൽ കർഷകരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാർട്ടി എൻ.ഡി.എ വിട്ടത്. എൻ.ഡി.എ സംഖ്യവുമായി ബന്ധമില്ലെന്നും പാർട്ടി പ്രസിഡന്റ് സുഖ്‌ബീർ സിംഗ് അറിയിച്ചു.