ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിയുടെ പുതിയ ചിത്രമായ ' ഹരാമി'യുടെ ട്രെയിലർ പുറത്ത്. ചിത്രത്തിൽ ക്രൂരനായ ' ക്രൈം ലോർഡ്' ആയാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. മുംബയിലെ പോക്കറ്റടി സംഘത്തിന്റെ തലവനാണ് ഹാഷ്മിയുടെ കഥാപാത്രം. ശ്യാം മഥിരാജുവാണ് ചിത്രത്തിന്റ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
മുംബയ്‌യിലെ ലോക്കൽ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും മറ്റും പോക്കറ്റടി നടത്തുന്ന സംഘത്തിലെ ഒരു കൗമാരക്കാരന്റെ കഥയാണ് ഹരാമിയിൽ പറയുന്നത്. ആൺകുട്ടി ഉൾപ്പെട്ട സംഘം പണം മോഷ്ടിച്ചതിനെ തുടർന്ന് സാധാരണക്കാരനായ ഒരാൾ ആത്മഹത്യ ചെയ്യുന്നു. ആൺകുട്ടി പിന്നീട് മരിച്ചയാളുടെ മകളുമായി പ്രണയത്തിലാകുന്നതോടെയാണ് ചിത്രത്തിലെ യൂടേൺ. പോക്കറ്റടി നിർത്തി ജീവിതത്തിലേക്ക് മടങ്ങി വരാൻ ആൺകുട്ടി നടത്തുന്ന ശ്രമങ്ങളും അതിനെതിരെ മാഫിയ തലവനായ ഹാഷ്മിയുടെ നീക്കങ്ങളുമാണ് പിന്നീട് കഥയെ മുന്നോട്ട് നയിക്കുന്നത്.
ഒക്ടോബറിൽ നടക്കുന്ന ബൂസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കും. മുംബയ് തെരുവുകളുടെ പശ്ചാത്തലത്തിൽ തകർന്ന സ്വപ്നങ്ങളുടെയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെടുന്ന യുവതയുടെയും നേർക്കാഴ്ചയായ ചിത്രം മികച്ച വിഷ്വൽ ട്രീറ്റ് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
#Harami first look pic.twitter.com/dW7EGVDc3Y
— Emraan Hashmi (@emraanhashmi) September 14, 2020
ഈ മാസം ആദ്യമായിരുന്നു ഇമ്രാൻ ഹാഷ്മി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. നീണ്ട ചുരുണ്ട തലമുടിയും കഴുത്തിൽ സ്വർണ മാലയും മുഖത്ത് കണ്ണടയുമായുള്ള ഹാഷ്മിയുടെ ഗെറ്റപ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. റിസ്‌വാൻ ഷെയിഖ്, ധനുശ്രീ പാട്ടീൽ, ഹർഷ് രാജേന്ദ്ര റാണെ, അശുതോഷ് ഗെയ്‌ക്‌വാദ്, മനീഷ് മിശ്ര, ദിക്ഷ നിഷ, ആദിൽ ഖാൻ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.