kk-shailaja

കണ്ണൂർ: സ്ത്രീകളെ അപമാനിച്ച വിജയ് പി.നായയുടെ മേൽ കറുത്ത മഷി തളിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭിനന്ദിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജക്കെതിരെ കണ്ണൂരിലെ ഓട്ടോ തൊഴിലാളിയായ യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്. തന്നെ മോശം പദമുപയോഗിച്ച് അപമാനിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജിതേഷിന്റെ 'പല്ല് അടിച്ചു കൊഴിച്ചാൽ' തന്നെയും അഭിനന്ദിക്കുമോ എന്നാണ് ചിത്രലേഖയുടെ മന്ത്രിയോട് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.

'സി.പി.എം മാർക്കറ്റിങ് കൊള്ളാം' എന്നും ചിത്രലേഖ പറയുന്നുണ്ട്. പയ്യന്നൂരിലെ എടാട്ട് ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. ഇവിടത്തെ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ച്‌ കുടുംബം പുലര്‍ത്തിയിരുന്ന യുവതിയെ, സി.ഐ.ടി.യു അംഗത്വമെടുക്കുന്നതിനെതിരെ സംസാരിച്ചതിന്റെ പേരിൽ സഹപ്രവർത്തകരാണ് ആദ്യം വേട്ടയാടിയത്.

ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദേഹത്തേക്ക് ഓട്ടോ ഓടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് കാലിന് പരിക്കേറ്റ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശത്രുക്കൾ ചിത്രലേഖയുടെ ഓട്ടോ കത്തിച്ചുകൊണ്ട് പകരം വീട്ടുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകയായ അജിതയും സി.ആര്‍.നീലകണ്ഠനും ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പുതിയ ഓട്ടോ വാങ്ങി നല്‍കിയെങ്കിലും ഇതും ഇവർ തകര്‍ക്കുകയായിരുന്നു.

തുടർന്ന് സി.പി.എമ്മിന്റെ അതിക്രമങ്ങള്‍ക്കെതിരെ നാല് മാസക്കാലം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്‍പില്‍ ചിത്രലേഖ കുടില്‍ കെട്ടി സമരം നടത്തിയിരുന്നു. പിന്നീട് സെക്രട്ടറിയേറ്റിന് മുന്‍പിലേക്ക് സമരം മാറ്റിയ ചിത്രലേഖയ്ക്ക് അന്നത്തെ സര്‍ക്കാര്‍ അഞ്ച് സെന്റ് സ്ഥലം നല്‍കി. 2016 മാർച്ചിലാണ് വീടുപണിക്കാവശ്യമായ തുക സർക്കാർ അനുവദിച്ചത്. എന്നാൽ അടുത്ത സർക്കാർ അധികാരത്തിലേറിയപ്പോൾ അനുവദിച്ച തുകയും 2018ൽ ഭൂമിയും റദ്ദാക്കുകയാണ് ഉണ്ടായത്.