trump

വാഷിംഗ്‌ടൺ: കഴിഞ്ഞ 15 വർഷത്തിനുള്ളിൽ പത്ത് വർഷവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016ലും 2017ലും അല്ലാതെ ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 750 ഡോളർ മാത്രമാണ് അടച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

18 വർഷത്തിൽ 11 വർഷവും നികുതി അടച്ചിട്ടില്ല. ഇരുപതിലധികം വർഷത്തെ ടാക്‌സ് റിട്ടേൺ ഡേറ്റ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ലാഭത്തേക്കാൾ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നും റിപ്പോർട്ട് പറയുന്നു. നൂറുകണക്കിന് കോടി ഡോളറിന്റെ ആസ്തിയുള്ള കോടീശ്വരനായ ട്രംപിന് നിരവധി ബിസിനസ് സംരംഭങ്ങൾ ഉണ്ട്.

എന്നാൽ ന്യൂയോർക്ക് ടൈംസിന്റെ ഈ വാദങ്ങളെ തള്ളിയ ട്രംപ്. താൻ ഒരുപാട് ടാക്‌സ് അടച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

തന്റെ സാമ്പത്തിക കാര്യങ്ങൾ ഓഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് 2016ൽ അദ്ദേഹം ടാക്‌സ് അറ്റോർണിക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്. അതേസമയം 2002 മുതൽ 2008വരെയുള്ള കാലഘട്ടത്തിൽ ട്രംപ് ടാക്‌സ് അടച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്റേർണൽ റെവന്യൂ സർവീസ് തന്നോട് മോശമായാണ് പെരുമാറുന്നതെന്നും അവരുടെ ഓഡിറ്റിൽ നിന്നും തന്നെ മാറ്റിയാൽ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടാമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇതുവരെ എത്ര നികുതി അടച്ചുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് ഉത്തരം നൽകിയില്ല.

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്ന പ്രകാരം ട്രംപ് തിരഞ്ഞെടുപ്പിനായി പ്രചരണം നടത്തുമ്പോൾ ഒരേസമയം സാമ്പത്തിക വിജയത്തെക്കുറിച്ച് വീമ്പിളക്കുകയും അതേസമയം ആളുകൾക്കിടയിൽ ദശലക്ഷക്കണക്കിന് സാമ്പത്തിക നഷ്ടമുള്ള ബിസിനസുകാരനായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ട്രംപ് കൂടുതൽ പണവും തന്റെ വ്യവസായത്തിലേക്കാണ് നിക്ഷേപിക്കുന്നതെന്നും ടൈംസ് പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

30 കോടി ഡോളറിന്റെ വായ്പ ട്രംപ് അടയ്ക്കാനുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റിന്റെ പല സ്ഥാപനങ്ങൾക്കും വിദേശ ഉദ്യോഗസ്ഥരിൽനിന്നും ലോബിയിസ്റ്റുകളിൽനിന്നും പണം കൈപ്പറ്റിയതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വിശദമാക്കുന്നു.

വിദേശത്തുള്ള ബിസിനസ് സംരംഭം വഴി ട്രംപ് പ്രസിഡന്റായുള്ള ആദ്യത്തെ രണ്ട് വർഷം 730 ലക്ഷം ഡോളർ ഉണ്ടാക്കിയതായാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന്റെ സ്ഥാപനമായ ട്രംപ് ഓർഗനൈസേഷൻ ലൈസൻസിംഗ് ഇടപാടുമായി ബന്ധപ്പെട്ട് ചില സമഗ്രാധിപത്യ രാജ്യങ്ങളിൽനിന്നും പണം കൈപറ്റിയെന്നും പത്രം ആരോപിച്ചു.

നിയമ പ്രകാരം, അമേരിക്കയുടെ പ്രസിഡന്റുമാർ തങ്ങളുടെ വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ റിച്ചാഡ് നിക്‌സൻ മുതലുള്ളവർ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തി പോന്നിരുന്നു. എന്നാൽ തന്റെ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ച, ട്രംപ് ഈ കീഴ്വഴക്കവും ലംഘിച്ചിരിക്കുകയാണ്..