ചത്തീസ്ഗഢ്: കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ട സംഭവം നിരാശാജനകമെന്ന് പഞ്ചാബ് ബി.ജെ.പി അദ്ധ്യക്ഷൻ അശ്വനി ശർമ്മ. എൻ.ഡി.എ സഖ്യം വിടാൻ അകാലിദൾ ചൂണ്ടിക്കാട്ടിയ കാരണം ആശ്ചര്യജനകമാണെന്നും അദ്ദേഹം പറഞ്ഞു. അകാലിദൾ സഖ്യം വിട്ടതിന് പിന്നാലെ ബി.ജെ.പിയുടെ പഞ്ചാബ് ഘടകം വിളിച്ചുചേർത്ത കോർ കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അശ്വനി ശർമ്മ.
"എൻ.ഡി.എയുമായി ബന്ധപ്പെട്ട എല്ലാ പാർട്ടികൾക്കും ബി.ജെ.പി എല്ലായ്പ്പോഴും ബഹുമാനം നൽകിയിട്ടുണ്ട്. എന്നാൽ എസ്.എ.ഡി ഒരു രാഷ്ട്രീയ പാർട്ടിയാണ്, അവർ മറ്റൊരു വഴി തിരഞ്ഞെടുത്തു. ആദ്യ കാലം മുതൽക്കെയുളള സഖ്യകക്ഷിയായതിനാൽ എനിക്ക് സങ്കടം തോന്നി." അശ്വനി ശർമ്മ പറഞ്ഞു. കാർഷിക ബില്ലുകളുടെ കാര്യത്തിൽ ബി.ജെ.പി കർഷകർക്ക് അനുകൂലമല്ലെന്നാണ് അകാലികൾ ആരോപിക്കുന്നത്. എന്നാൽ, നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം കർഷകർക്ക് വേണ്ടി നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും അശ്വനി ശർമ്മ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ കാർഷിക ബിൽ നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ടത്.കാർഷിക ബിൽ കർഷകരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാർട്ടിയുടെ നടപടി. എൻ.ഡി.എയുമായി യാതോരു ബന്ധമില്ലെന്നും പാർട്ടി പ്രസിഡന്റ് സുഖ്‌ബീർ സിംഗ് പറഞ്ഞിരുന്നു. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കഴിഞ്ഞാഴ്ച ഹർസിമിത്ര് കൗർ ബാദൽ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.