തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് മാസം പ്രായമുള്ള കുട്ടിയെ എലി കടിച്ചതായി പരാതി. എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെയാണ് എലി കടിച്ചത്. പരാതി പറഞ്ഞതിനെത്തുടർന്ന് കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആകുന്നതിന് മുമ്പ് അമ്മയേയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്തതായും ആരോപണമുണ്ട്.
ഇന്നലെ പുലർച്ചെയാണ് സംഭവം. വെളളനാട് സ്വദേശികളുടെ കുഞ്ഞിനെയാണ് എലി കടിച്ചത്. കുട്ടി കരഞ്ഞപ്പോഴാണ് എലി കടിച്ചത് അമ്മയുടെ ശ്രദ്ധയിൽപ്പെടുന്നത്. എലി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ബുധനാഴ്ചയാണ് ദമ്പതികൾക്കും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അമ്മയേയും കുട്ടിയേയും എസ്. എ.ടിയിലേയ്ക്ക് മാറ്റുകയായിരുന്നു.